ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാന്‍ അനുവദിക്കില്ല’;ഭീഷണിയുമായി സംഘപരിവാർ അനുകൂലികൾ
ഭുവനേശ്വർ: ഒഡീഷയിൽ ക്രിസ്മസിനോടനുബന്ധിച്ച് വഴിയോര കച്ചവടം നടത്തിയിരുന്ന കുടിയേറ്റ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ശക്തമായ വിമർശനം ഉയരുന്നു.
രാജസ്ഥാനിൽ നിന്നെത്തിയ വഴിയോര കച്ചവടക്കാരെയാണ് ഒരു സംഘം സംഘപരിവാർ അനുകൂലികൾ എത്തി ഭീഷണിപ്പെടുത്തിയത്.
ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുന്നത് അനുവദിക്കില്ലെന്നും ഇന്ത്യ ഹിന്ദു രാജ്യമാണെന്നും സംഘം ആക്രോശിച്ചതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
സംഭവസമയത്ത് സാന്താക്ലോസിന്റെ തൊപ്പികൾ ഉൾപ്പെടെയുള്ള ക്രിസ്മസ് അലങ്കാര വസ്തുക്കൾ വിൽക്കുകയായിരുന്ന കച്ചവടക്കാരുടെ അടുത്തേക്ക് സംഘം പാഞ്ഞെത്തുകയായിരുന്നു.
ഇവിടെ ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാൻ പാടില്ലെന്നും ഹിന്ദു രാഷ്ട്രത്തിൽ ഇത്തരം കച്ചവടം അനുവദിക്കില്ലെന്നും സംഘം ആവർത്തിച്ചു പറഞ്ഞു. നിങ്ങൾ ഹിന്ദുക്കളാണോ എന്ന ചോദ്യവും സംഘം കച്ചവടക്കാരോട് ഉന്നയിച്ചു.
മറുപടിയായി, തങ്ങൾ ഹിന്ദുക്കളാണെന്നും ജീവിക്കാനുള്ള മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് ഉത്സവകാലത്ത് ക്രിസ്മസ് വസ്തുക്കൾ വിൽക്കാൻ ഇറങ്ങിയതെന്നും കച്ചവടക്കാരിൽ ഒരാൾ വ്യക്തമാക്കി.
എന്നാൽ ഹിന്ദുക്കളായിട്ടും ഇങ്ങനെ ചെയ്യാൻ എങ്ങനെ തോന്നിയെന്നായിരുന്നു സംഘപരിവാർ അനുകൂലികളുടെ മറുചോദ്യം. ഇവിടെ വിൽപ്പന നടത്താൻ അനുവദിക്കില്ലെന്നും ഉടൻ സ്ഥലം വിടണമെന്നും സംഘം ഭീഷണി മുഴക്കി.
കച്ചവടം തുടരണമെങ്കിൽ ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ മാത്രം വിൽക്കണമെന്നും അവർ നിർദേശിച്ചു. ഇതോടെ പ്രദേശത്ത് കുറച്ചുസമയം സംഘർഷാവസ്ഥ നിലനിന്നു.
തങ്ങൾ രാജസ്ഥാനിൽ നിന്നുള്ളവരാണെന്ന് കച്ചവടക്കാർ അറിയിച്ചതോടെ, ഒഡീഷയിൽ വന്ന് കച്ചവടം നടത്തുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ക്രിസ്ത്യൻ മതചിഹ്നങ്ങളോ ക്രിസ്മസുമായി ബന്ധപ്പെട്ട വസ്തുക്കളോ വിൽക്കാൻ അനുവദിക്കില്ലെന്നും സംഘം വ്യക്തമാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം വലിയ വിവാദമായി മാറിയത്.
സംഭവം പുറത്തുവന്നതോടെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി. മതസ്വാതന്ത്ര്യവും ഉപജീവനാവകാശവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണിതെന്നും ‘ഇതാണ് ബിജെപി ഭരിക്കുന്ന ഒഡീഷ’ എന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം.








