തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൻ്റെ നിർമ്മാണം ഈ മാസം ആരംഭിക്കും. ടൗൺഷിപ്പിന്റെ കല്ലിടൽ മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യു മന്ത്രി കെ രാജനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
ടൗൺഷിപ്പ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു. എന്നാൽ ദുരന്തം നടന്ന് എട്ട് മാസമായിട്ടും തറക്കല്ല് പോലും ഇട്ടില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ സർക്കാരിനെ കുറ്റപ്പെടുത്തി. കേന്ദ്രം കേരളത്തോട് കാണിക്കുന്നത് ക്രൂരമായ സമീപനമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നമ്മൾ ഇന്ത്യക്ക് അകത്ത് ഉള്ളവരല്ലെന്ന തരത്തിലാണ് ഇടപെടലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പുനരധിവാസ ടൗൺഷിപ്പിൽ വീട് വേണ്ടവർക്ക് വീടിനൊപ്പം 10 സെന്റ് സ്ഥലം തന്നെ വേണമെന്ന നിലപാടിലാണ് ദുരന്തബാധിതർ. വീട് വേണ്ടാത്തവർക്ക് സാമ്പത്തിക സഹായമായി 40 ലക്ഷം രൂപ നൽകണമെന്നും ആണ് അവർ ആവശ്യപ്പെടുന്നത്. കലക്ടർ ഡി.ആർ.മേഘശ്രീയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ദുരന്തബാധിതർ ആവശ്യം ഉയർത്തിയത്.