കല്പറ്റ: ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷിക്കാനായി കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറപ്പെട്ടു. സൈനികരും എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നാല് സംഘങ്ങളിലായി 150 രക്ഷാപ്രവര്‍ത്തകരാണ് ഇന്ന് ദുരന്ത മുഖത്ത് ഉള്ളത്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും.(Wayanad landslide update today)
നാല് സംഘങ്ങളായാണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ പ്രവർത്തകരെയും രക്ഷാപ്രവർത്തന സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അട്ടമലയിൽ മസ്ജിദിൽ ഉസ്താദ് ഉൾപ്പെടെ 10 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. സംഘം ആദ്യം അവരെ രക്ഷപ്പെടുത്താനാണ് പോകുക.
ബെയ്ലി പാലം നിർമ്മിക്കുന്നതിനായി മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് എത്തി പരിശോധന നടത്തി. നിർമാണ സാമഗ്രികൾ കരമാർഗമുള്ളവ ഇന്നലെ രാത്രിയോടെ പുറപ്പെട്ടു. വിമാനമാർഗം കൊണ്ടുവരേണ്ടത് രാവിലെ കൊണ്ടുവരും. 85 അടി നീളമുള്ള പാലമാണ് നിര്‍മിക്കുക.