തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്. കേരളം സമാനതളില്ലാത്ത ദുരന്തങ്ങൾ നേരിട്ടപ്പോൾ താങ്ങായി നിന്നവരാണ് പ്രവാസികൾ. വയനാടിൻ്റെ പുനർ നിർമ്മിതിക്കും നല്ല മനസ് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തില്‍ പറയുന്നു.(Wayanad landslide; Chief Minister’s letter to expatriates)
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകണമെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചത്. അതേസമയം, ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണം 300 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 140 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി.130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു.
ഔദ്യോഗിക കണക്കനുസരിച്ച് 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 85 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരുണ്ട്. ദുരന്തത്തില്‍ മരിച്ചവരില്‍ അവകാശികൾ ഇല്ലാത്ത എല്ലാ മൃതദേഹവും തിരിച്ചറിയാത്ത ശരീര ഭാഗങ്ങളും പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കും.