കേരളത്തില്‍ ഇന്ന് രാത്രിയോടെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. വയനാട്ടില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.Warning that there is a possibility of widespread rain in Kerala by tonight
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവരും വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത
വടക്കു കിഴക്കന്‍ അറബിക്കടലില്‍ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത ആറു മണിക്കൂറില്‍ അതി തീവ്രന്യൂനമര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. തുടര്‍ന്നു പടിഞ്ഞാറു- വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ തീരത്തു നിന്ന് അകന്നുമാറാന്‍ സാധ്യത.
വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ആന്ധ്രാ പ്രദേശിനും തെക്കന്‍ ഒഡീഷക്കും സമീപത്തായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം ശക്തിയേറിയ ന്യൂനമര്‍ദ്ദമായി മാറി. അടുത്ത 36 മണിക്കൂറില്‍ ശക്തിയേറിയ ന്യൂനമര്‍ദ്ദം പടിഞ്ഞാറു -വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തീവ്ര ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യത.