ഇന്നലെ തെക്കൻ ലബനനിൽ ഇരുപതു പേരുടെ മരണത്തിനും 450-ലേറെ പേരുടെ പരിക്കിനും ഇടയാക്കിയ വോക്കി ടോക്കി സ്‌ഫോടനത്തിൽ നിർണായക വെളിപ്പെടുത്തലുമായി ജാപ്പനീസ് റേഡിയോ നിർമാതാക്കളായ ഐകോം.Walkie-talkie explosion in Lebanon: Japanese company with critical disclosure.
അഞ്ചു മാസം മുമ്പ് ഹിസ്ബുല്ല വാങ്ങി എന്ന് കരുതപ്പെടുന്ന ഈ റേഡിയോകൾ തങ്ങൾ നിർമിച്ചതല്ലെന്നും, ഐ.സി – വി82 എന്ന ഈ മോഡലിന്റെ ഉൽപ്പാദനം പത്തു വർഷം മുമ്പേതന്നെ തങ്ങൾ അവസാനിപ്പിച്ചതാണെന്നും ഐകോം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇതോടെ, ഇസ്രായേൽ ചാരസംഘടനകളുടെ മേൽനോട്ടത്തിൽ വ്യാജമായി നിർമിച്ച വോക്കി ടോക്കികളാണ് ഹിസ്ബുല്ലയുടെ കൈവശം എത്തിയതെന്ന ആരോപണം ബലപ്പെടുകയാണ്.
വക്കയാമ നഗരത്തിലുള്ള ഫാക്ടറിയിൽ മാത്രമാണ് തങ്ങളുടെ റേഡിയോകൾ ഉൽപ്പാദിപ്പിക്കുന്നതെന്നും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ഇവ വിതരണത്തിന് എത്തിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.
ഹിസ്ബുല്ല പോരാളികളുടെ കൈകളിൽ പൊട്ടിത്തെറിച്ച വോക്കി ടോക്കി റേഡിയോകളിൽ ഐകോം കമ്പനിയുടെ പേരും ‘മെയ്ഡ് ഇൻ ജപ്പാൻ’ ലേബലും ഉണ്ടായിരുന്നു.
‘ഐ.സി-വി82 കൈറേഡിയോകൾ ഉൽപ്പാദിപ്പിക്കുകയും മിഡിൽ ഈസ്റ്റിലേക്കടക്കം കയറ്റി അയക്കുകയും ചെയ്തിരുന്നത് 2004-2014 കാലഘട്ടത്തിലാണ്. പത്തുവർഷം മുമ്പേ ഇതിന്റെ ഉൽപ്പാദനം ഞങ്ങൾ നിർത്തിയിട്ടുണ്ട്.
അതിനു ശേഷം ഞങ്ങളുടെ കമ്പനിയിൽ നിന്ന് ഇത് ഒരിടത്തേക്കും ഇത് അയച്ചിട്ടില്ല. ഇതിന്റെ മെയിൻ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ബാറ്ററിയുടെ നിർമാണവും നിർത്തിയതാണ്.
സ്‌ഫോടനം നടന്ന വോക്കി ടോക്കികളിൽ വ്യാജ ഉൾപ്പന്നങ്ങൾ തിരിച്ചറിയുന്നതിന് ഞങ്ങൾ പതിക്കുന്ന ഹോളോഗ്രാം സീൽ ഉണ്ടായിരുന്നില്ല.’ ഐകോം പത്രക്കുറിപ്പിൽ പറയുന്നു.