കൊച്ചി: ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപ് ഇപ്പോൾ മുമ്പോട്ട് പോകുന്നതെന്ന് പറഞ്ഞു അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി രംഗത്തുവന്നിരുന്നു.
സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ട്രംപിനോടുള്ള നയത്തില്‍ പാര്‍ട്ടി നിലപാടെടുക്കുമെന്ന് എം എ ബേബി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞ സംഭവത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം.
സോഷ്യല്‍ മീഡിയയില്‍ സിപിഎം നേതാവിന് നേരെയുണ്ടാകുന്ന ട്രോളുകള്‍ക്കൊപ്പം ചേര്‍ന്നാണ് വി.ടി ബല്‍റാമിന്റെ ട്രോളും. ട്രമ്പേ നിനക്ക് നന്നാവാന്‍ ഇനിയും സമയമുണ്ട് എന്ന് പറഞ്ഞാണ് വി ടി ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
ട്രമ്പേ.. നിനക്ക് നന്നാവാന്‍ ഇനിയും സമയമുണ്ട്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങിയിട്ടില്ല. ദിസ് ഈസ് യുവര്‍ ലാസ്റ്റ് ചാന്‍സ്.
സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി യുഎസ് പ്രസിഡന്റിന്റെ നിലപാടുകള്‍ പാര്‍ട്ടി നിരീക്ഷിക്കുന്നുണ്ടെന്നും അതിനനുസരിച്ച് കേന്ദ്രകമ്മിറ്റിയ്ക്ക് മുമ്പായി പാര്‍ട്ടി നിലപാടെടുക്കുമെന്നും പറയുന്ന വീഡിയോയും വി ടി ബല്‍റാം പങ്കുവെച്ചിട്ടുണ്ട്.
അമേരിക്കയുടെ പ്രസിഡന്റ് എന്ന മട്ടിലല്ല, ലോകത്തിന്റെ പ്രസിഡന്റ് താനാണെന്ന മട്ടിലാണ് ട്രംപ് നീക്കങ്ങള്‍ നടത്തുന്നത് എന്നാണ് എംഎ ബേബിയുടെ വിമര്‍ശനം.
സിപിഎം കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലെത്തുമ്പോഴേക്കും സ്ഥിതിഗതികള്‍ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനനുസരിച്ച് പാര്‍ട്ടി നിലപാടെടുക്കുമെന്നുമാണ് എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞത്.
ഇന്ത്യയിലും ലോകത്തും നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പാര്‍ട്ടി പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തുവെന്നും എം എ ബേബി പറഞ്ഞിരുന്നു.