നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു
നിലമ്പൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണെല്‍ ആരംഭിച്ചു. ചുങ്കത്തറ മാർത്തോമ കോളേജിൽ വെച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്.
ഇന്ന് രാവിലെ ഏഴരയോടെ സ്ട്രോങ് റൂം തുറന്നു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിന് നാല് ടേബിളുകളും സർവീസ് വോട്ടുകൾ എണ്ണുന്നതിനായി ഒരു ടേബിളും ആണ് പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
പോസ്റ്റല്‍ വോട്ടുകൾ എണ്ണിയതിന് ശേഷം ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങും. ഒരു റൗണ്ടിൽ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായാണ് 263 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കുക.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.20 പോളിങ് ശതമാനം ആണ് രേഖപ്പെടുത്തിയിരുന്നത്. വോട്ടെടുപ്പ് സമയം കഴിഞ്ഞും മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നിരയാണ് അനുഭവപ്പെട്ടിരുന്നത്.
സമയം അവസാനിച്ചെങ്കിലും ആറുമണിക്ക് ക്യുവില്‍ നില്‍ക്കുന്നവർക്ക് വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അനുവാദം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അഞ്ചു മണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 75.23 ശതമാനമായിരുന്നു പോളിങ്.
രാവിലെ ആറ് മണിയോടെ വിവിധ ബൂത്തുകളിൽ മോക്ക് പോൾ നടന്നിരുന്നു. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. മണ്ഡലത്തിൽ നേരിയ മഴയുണ്ടെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല.
അതിനിടെ വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ ഇരുപത്തിരണ്ടാം ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറായി. ഇതുമൂലം ചില വോട്ടർമാർ മടങ്ങിപ്പോയി.
എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തിയിരുന്നു.
മണ്ഡലത്തിൽ 2,32,381 വോട്ടർമാർ
263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാർക്കാണ് വിധിയെഴുതാൻ അവകാശമുണ്ടായിരുന്നത്. വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ് ജെൻഡർമാരുമാണ് ഉള്ളത്.
ഇവരിൽ 7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്.
7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിദാനം ആണ് ഒരുക്കിയിരുന്നത്.
പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കായിരുന്നു നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. തുടർന്ന് മെയ് 25നായിരുന്നു നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
നിലമ്പൂരിൽ തോൽക്കുന്നത് ഏത് ഇസം
മെയ് 26നായിരുന്നു തിരഞ്ഞെടുപ്പ് ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത്. ജൂൺ രണ്ടിനായിരുന്നു സ്ഥാനാർത്ഥികൾക്ക് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി.
നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5നായിരുന്നു.
ഇടതുമുന്നണി സ്ഥാനാർത്ഥി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ മത്സരരംഗത്ത് ഇറക്കിയതോടെയാണ് നിലമ്പൂരിൽ മത്സരം ചൂടുപിടിച്ചത്.
ആദ്യഘട്ടത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന മുൻ എംഎൽഎ പി വി അൻവർ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് മത്സരിക്കാൻ ഇറങ്ങിയതോടെ നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ കടുത്തു.
നിലമ്പൂരിൽ മത്സരിച്ചേക്കില്ലെന്ന ആദ്യഘട്ടത്തിൽ സൂചന നൽകിയ ബിജെപി കൂടി മത്സരരംഗത്തേയ്ക്ക് വന്നതോടെ നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു.
ഡിസിസി പ്രസിഡൻ്റ് വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണം എന്ന പി വി അൻവറിന്റെ സമ്മർദ്ദത്തെ അവഗണിച്ചായിരുന്നു യുഡിഎഫ് ആര്യാടൻ ഷൗക്കത്തിനെ മത്സര രംഗത്തേക്ക് ഇറക്കിയത്.
ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് മുൻ കേരള കോൺഗ്രസ് നേതാവ് അഡ്വ. മോഹൻ ജോർജ്ജിനെ ബിജെപിയും രംഗത്തിറക്കി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 10 പേരാണ് മത്സരരംഗത്തുള്ളത്.
14 പേരായിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി വി അൻവറിൻ്റെ അപരനുൾപ്പടെയുള്ള നാല് പേർ പത്രിക പിൻവലിച്ചിരുന്നു.
Summary: The vote counting for the Nilambur by-election has begun at Chungathara Mar Thoma College. The process will determine the winner of the highly anticipated assembly seat contest.