15 വര്‍ഷം കൊണ്ട് 50 ലക്ഷം രൂപ സമ്പാദിക്കണോ? ചെയ്യേണ്ടത് ഇത്രമാത്രം
ഓഹരി വിപണിയിൽ ഇപ്പോൾ അസ്ഥിരത തുടരുന്നതിനാൽ പുതുതായി നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ ഓഹരികളിൽ നിക്ഷേപിക്കുന്നത് റിസ്‌ക് ആകുമോ, ഇപ്പോൾ നിക്ഷേപിക്കണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് നിക്ഷേപകർ പ്രധാനമായും ഉന്നയിക്കുന്നത്.
ഇത്തരം സാഹചര്യത്തിൽ ദീർഘകാല ലക്ഷ്യമിട്ട് മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ഗുണകരമാകാമെന്ന നിലപാടിലാണ് ഒരു വിഭാഗം വിപണി വിദഗ്ധർ.
എന്നാൽ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ മൊത്തമായി (Lumpsum) ഇടണമോ, അതോ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP) വഴിയോ എന്നതിലാണ് കൂടുതൽ കൺഫ്യൂഷൻ.
വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതിൽ SIP നിക്ഷേപങ്ങൾ കൂടുതൽ സഹായകരമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം, വ്യത്യസ്ത സമയങ്ങളിൽ ചെറിയ തുകകളായി നിക്ഷേപം നടത്താൻ SIP അവസരം നൽകുന്നു.
ഇതിലൂടെ റിസ്‌ക് ഒരു പരിധിവരെ പിരിച്ചുവയ്ക്കാനും (Diversification) സാധിക്കും. അതുകൊണ്ട് തന്നെ അസ്ഥിരമായ വിപണി ഘട്ടങ്ങളിൽ SIP സമീപനം മികച്ചതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വിപണിയിൽ വലിയ ഇടിവുകൾ സംഭവിക്കുന്ന സമയങ്ങളിൽ SIP തുക വർധിപ്പിക്കുന്നത് ഭാവിയിൽ കൂടുതൽ നേട്ടം നൽകാനിടയുണ്ടെന്നും ചില വിദഗ്ധർ പറയുന്നു.
സ്ഥിരതയും അച്ചടക്കവും പാലിക്കാൻ SIP നിക്ഷേപം സഹായിക്കും. കൂടാതെ വിപണിയിലെ ഉയർച്ച-താഴ്ചകൾ കണ്ടു വികാരാധീനമായി നിക്ഷേപം പിൻവലിക്കുന്ന പ്രവണത തടയാനും ഇത് ഉപകാരപ്പെടും.
എന്നാൽ SIP നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേൺ നൽകുന്ന പദ്ധതി അല്ലെന്നും, വിപണി അധിഷ്ഠിതമായതിനാൽ നഷ്ട സാധ്യതയുണ്ടെന്നും നിക്ഷേപകർ മറക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ SIP നിക്ഷേപത്തെയും ബാധിക്കും.
ഇതിനിടെ, 15 വർഷത്തിനകം SIP വഴിയായി 50 ലക്ഷം രൂപ സമ്പാദിക്കണമെന്ന ലക്ഷ്യമുള്ളവർ പ്രതിമാസം കുറഞ്ഞത് 10,000 രൂപയെങ്കിലും നിക്ഷേപിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
പ്രതിവർഷം 12 ശതമാനം റിട്ടേൺ ലഭിക്കുമെന്ന കണക്കിലാണ് ഇത്. എന്നാൽ മ്യൂച്ചൽ ഫണ്ട് വിപണി അധിഷ്ഠിതമായതിനാൽ ഈ കണക്കുകളിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്.
ഈ രീതിയിൽ 15 വർഷം കൊണ്ട് മൊത്തം 18 ലക്ഷം രൂപയാണ് നിക്ഷേപമായി വരിക. ശേഷിക്കുന്ന തുക നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന ലാഭമായി രൂപപ്പെടും.
ഫ്ലെക്സി ക്യാപ് ഫണ്ടുകൾ പോലുള്ള ദീർഘകാല വളർച്ചാ സാധ്യതയുള്ള ഫണ്ടുകളിൽ നിക്ഷേപിച്ചാൽ ഇത്തരം നേട്ടങ്ങൾ സാധ്യമാകാമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ENGLISH SUMMARY
With stock markets remaining volatile, investors are confused about whether it is risky to invest now. Market experts suggest that long-term mutual fund investing may still be a good option. SIPs are considered better in volatile phases since they spread investments over time, help manage market fluctuations, and encourage disciplined investing. However, SIP returns are not guaranteed and depend on market performance. To target ₹50 lakh in 15 years, one may need to invest around ₹10,000 per month assuming a 12% annual return.
volatile-market-sip-vs-lumpsum-mutual-fund-investment
Stock market volatility, mutual funds, SIP, lumpsum investment, long-term investing, flexi cap funds, market risk, investment planning, financial advice, wealth creation









