വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു
തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം.
83 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ. എച്ച്. സുധീർഖാൻ വിജയിച്ചത്. സിറ്റിങ് സീറ്റ് നിലനിർത്താൻ ശക്തമായി മത്സരിച്ച എൽഡിഎഫിനും പരാജയം വലിയ ആഘാതമായി.
നീണ്ട ഇടവേളയ്ക്കുശേഷമാണ് വിഴിഞ്ഞം വാർഡ് യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. ഇതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിന്റെ സീറ്റ് എണ്ണം 20 ആയി ഉയർന്നു.
2015ലാണ് കോൺഗ്രസിൽ നിന്ന് എൽഡിഎഫ് വിഴിഞ്ഞം വാർഡ് പിടിച്ചെടുത്തത്. അതിനുശേഷം ആദ്യമായാണ് യുഡിഎഫ് ഇവിടെ വിജയം നേടുന്നത്. വിഴിഞ്ഞം വാർഡിൽ ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ പത്തിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
ഫലമറിയിച്ചതിന് പിന്നാലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തും വിജയം ആഘോഷിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി കെ. എച്ച്. സുധീർഖാൻ 2902 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഎമ്മിന്റെ എൻ. എ. നൗഷാദിന് 2819 വോട്ടുകളാണ് ലഭിച്ചത്.
ബിജെപി സ്ഥാനാർത്ഥി സർവശക്തിപുരം ബിനു 2437 വോട്ടുകളോടെ മൂന്നാം സ്ഥാനത്തായി.എൽഡിഎഫ് വിമതനായ എൻ. എ. റഷീദ് 118 വോട്ടുകൾ നേടിയതും ഇടതുമുന്നണിക്ക് തിരിച്ചടിയായി.
മുൻ സിപിഎം കൗൺസിലറായിരുന്ന റഷീദ് ഇത്തവണ സ്വതന്ത്രനായി മത്സരിച്ചിരുന്നു. അദ്ദേഹത്തിന് ലഭിച്ച വോട്ടുകൾ യുഡിഎഫിന്റെ വിജയത്തിൽ നിർണായക ഘടകമായി. മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഹിസാൻ ഹുസൈൻ കോൺഗ്രസ് വിമതനായി മത്സരിച്ചിരുന്നു.
വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
തിരഞ്ഞെടുപ്പ് മാറ്റിവെച്ച ശേഷവും വിഴിഞ്ഞത്ത് വാശിയേറിയ പോരാട്ടമാണ് നടന്നത്. ഇടത്-വലത് വിമതരടക്കം ഒൻപത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
സിറ്റിങ് സീറ്റ് നിലനിർത്താൻ സിപിഎം ശക്തമായി രംഗത്തിറങ്ങിയപ്പോൾ, പഴയ കോട്ട തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫിന്റെ പ്രചാരണം. അതേസമയം, അഭിമാന പോരാട്ടമായി കണ്ടാണ് ബിജെപി വിഴിഞ്ഞം വാർഡിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
വിഴിഞ്ഞത്ത് വിജയിച്ചാൽ എൻഡിഎയ്ക്ക് സ്വന്തം നിലയിൽ 51 എന്ന കേവല ഭൂരിപക്ഷ സംഖ്യയിലെത്താമായിരുന്നു. നിലവിൽ 50 സീറ്റുകളുള്ള എൻഡിഎ ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ഭരണം ഉറപ്പാക്കിയിരിക്കുന്നത്.
വിഴിഞ്ഞം വാർഡിലെ യുഡിഎഫ് വിജയത്തോടെ തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ കക്ഷിനില ഇങ്ങനെ:
യുഡിഎഫ് – 20, എൻഡിഎ – 50, എൽഡിഎഫ് – 29, സ്വതന്ത്രർ – 2.
English Summary:
The UDF has won the Vizhinjam ward by-election in Thiruvananthapuram Corporation by a margin of 83 votes. The victory dents BJP’s hopes of securing an absolute majority on its own and marks a setback for the LDF, which was trying to retain the sitting seat.
vizhinjam-ward-by-election-udf-victory-bjp-setback
Vizhinjam Ward, Thiruvananthapuram Corporation, UDF, LDF, BJP, Kerala Local Body Elections, Kerala Politics









