ഇന്ദുവിന്റെ വീട്ടിൽ വിരുന്നിനെത്തിയത് പാരച്യൂട്ട് പോലെ പറക്കും മരമാക്രി
വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്തിലെ മഞ്ചാംകുഴി മേലെയുള്ള ഇന്ദുവിന്റെ വീട്ടിൽ അപൂർവമായ വൃക്ഷത്തവള എത്തിയതോടെ കൗതുകം നിറഞ്ഞ നിമിഷങ്ങളായിരുന്നു.
മലബാർ ഗ്ലൈഡിംഗ് തവള എന്നറിയപ്പെടുന്ന റാക്കോഫോറസ് മലബാറിക്കസ് ഇന്ദുവിന്റെ വീട്ടുമുറിയിൽ വിരുന്നെത്തുകയായിരുന്നു. തവളയെ കണ്ട ഉടൻ തന്നെ ഇന്ദു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും വനംവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു.
പൊതുവേ മരങ്ങളിലാണ് ഈ പച്ചനിറം തിളങ്ങുന്ന തവളകളെ കൂടുതലായും കാണുക. അതിനാൽ ഇവയെ മരത്തവള, മരമാക്രി എന്നിവ പേരുകളിലും വിളിക്കപ്പെടുന്നു.
ഇണചേരലിനും പ്രജനനത്തിനുമായി മാത്രമാണ് ഇവ നിലത്തിറങ്ങാറുള്ളത്. ഇന്ത്യയുടെ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന അപൂർവ ഇനമാണിത്.
വായുവിലൂടെ സഞ്ചരിക്കാനുള്ള അത്ഭുതകരമായ കഴിവാണ് ഇവയുടെ പ്രത്യേകത. കൈകാലുകൾ വിരിച്ചും, വിരലുകൾക്കിടയിലുള്ള മഞ്ഞയും ചുവപ്പും കലർന്ന ത്വക്ക് പാരച്യൂട്ടായി ഉപയോഗിച്ചും മരങ്ങളിൽ നിന്ന് 9–12 മീറ്റർ വരെ “പറന്ന്” നീങ്ങാൻ ഇവയ്ക്ക് കഴിയും.
മഴക്കാലത്ത് പെൺതവളകൾ ജലാശയങ്ങളുടെ മുകളിലുള്ള ഇലകളിൽ പത ചമച്ച് കൂടു നിർമിക്കുന്നു. അതിനുള്ളിൽ മുട്ടയിട്ട്, ഏകദേശം ഒരാഴ്ചയ്ക്കുശേഷം അവ വെള്ളത്തിലേക്ക് വീഴുകയും അവിടെത്തന്നെ വളരുകയും ചെയ്യും.
തിളക്കമുള്ള പച്ചത്തൊലി ഇലകളിൽ ലയിച്ചു പോകാൻ സഹായിക്കുന്നതിനാൽ വേട്ടക്കാരിൽ നിന്ന് സംരക്ഷണവും ലഭിക്കുന്നു. കുഞ്ഞുങ്ങൾക്ക് കറുത്ത സീബ്ര പോലുള്ള വരകളുമുണ്ട്.
ഏകദേശം 10 സെന്റീമീറ്റർ വരെയാണ് ഇവയുടെ പരമാവധി വലിപ്പം. മുൻകാലിലെ വിരലുകൾക്കിടയിലുള്ള ത്വക്ക് മഞ്ഞയും പിൻകാലിലെത് ചുവപ്പുമാണ്.
പശ്ചിമഘട്ടത്തിലെ ആനമല കുന്നുകൾ, ഏലം കുന്നുകൾ എന്നിവിടങ്ങളിലാണ് ഈ അപൂർവ തവള സാന്നിധ്യം രേഖപ്പെടുത്തുന്നത്. 955 മുതൽ 1640 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളാണ് ഇവയുടെ വാസസ്ഥലം.
English Summary
A rare Malabar Gliding Frog (Rhacophorus malabaricus) appeared at a house in Vizhinjam, Thiruvananthapuram. The homeowner, Indu, safely relocated the frog and informed the forest department. Known for its ability to glide between trees for 9–12 meters using webbed limbs as a parachute, this bright green tree frog is endemic to the Western Ghats.
During the monsoon, female frogs construct foam nests on leaves above water bodies to lay eggs. The species lives between 955–1640 meters in regions like the Anamalai and Elam Hills. Its vibrant green skin and zebra-patterned tadpoles make it a biologically fascinating species.
vizhinjam-malabar-gliding-frog-sighting
Vizhinjam, Malabar Gliding Frog, Rhacophorus malabaricus, Western Ghats, wildlife, forest department, rare species, Kerala news









