സംസ്ഥാനത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിന് മൂന്നാർ എന്ന് പേര് കിട്ടുന്നതിന് കാരണമായ ആറുകളിലൊന്നാണ് മുതിരപ്പുഴ. എന്നാൽ മുതിരപ്പുഴയാർ ഇന്ന് മാലിന്യ വാഹിനിയായിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യം ആറ്റിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ ആറ്റിലെ ജലം പോലും പായൽ പിടിച്ച കറുത്ത നിറത്തിലാണ് ഒഴുകുന്നത്.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ അഴുക്കുചാൽ പോലും നേരിട്ട് ആറ്റിലേക്ക് തുറന്നതോടെ ആറിന് ഇരുവശവും താമസിക്കുന്നവർ ദുർഗന്ധം കാരണം മൂക്കുപൊത്തേണ്ട സ്ഥിതിയാണ്. ഏറെ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ എത്തുന്ന പ്രദേശത്തെ ജലസ്രോതസിലെ മാലിന്യം നീക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുത്തില്ലെങ്കിൽ മൂന്നാറിലെ വിനോദ സഞ്ചാര മേഖലയെത്തന്നെ ബാധിക്കുമെന്ന ആക്ഷേപം ശക്തമാണ്.
ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടെയുള്ളവ എത്തിയത് വാഗമണ്ണിലെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടായെങ്കിലും മാലിന്യ പ്രശ്‌നം ഇവിടെയും രൂക്ഷമാണ്.
വഴിയിൽ നിറഞ്ഞു കിടക്കുന്ന മാലിന്യം നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതാണ് വാഗമണ്ണിലെ റോഡരികുകൾ മാലിന്യം നിറയാൻ കാരണം. സഞ്ചാരികൾ വഴിയിൽ അലക്ഷ്യമായി പാഴ്വസ്തുക്കൾ വലിച്ചെറിയുന്നതും മാലിന്യ പ്രശ്‌നം രൂക്ഷമാകാൻ കാരണമായിട്ടുണ്ട്.