പാരീസ്: ഫ്രാന്‍സിലെ സംഘര്‍ഷം തുടര്‍ച്ചയായ നാലാം ദിനത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ഫ്രഞ്ച് ഫുട്ബോള്‍ ടീം. അക്രമം ഉപേക്ഷിച്ച് കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കണമെന്ന് ലെസ് ബ്ലൂസ് പറഞ്ഞു. സമാധാനം ആഹ്വാനം ചെയ്ത് കിലിയന്‍ എംബാപ്പെ അടക്കമുള്ള താരങ്ങളാണ് രംഗത്തെത്തിയത്. പതിനേഴുകാരനെ പൊലീസ് വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് ഫ്രാന്‍സില്‍ പ്രതിഷേധം ആളിക്കത്തിയത്.
‘അക്രമം ഒന്നിനും ഒരു പരിഹാരമല്ല. സമാധാനപരമായി പ്രതിഷേധിക്കണം. ദുരന്തപൂര്‍ണമായ സംഭവത്തിന് ശേഷം മനുഷ്യരുടെ രോഷത്തിനും പ്രതിഷേധത്തിനും നമ്മള്‍ സാക്ഷ്യം വഹിച്ചു. പക്ഷേ അത് പ്രകടിപ്പിക്കപ്പെട്ടത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലാണ്’, എംബാപ്പെ ട്വീറ്റ് ചെയ്തു. ഫ്രഞ്ച് ഫുട്ബോള്‍ ടീമും താരത്തിന് പിന്തുണയുമായി രംഗത്തെത്തി. ‘ നമ്മുടെ വേദനയും വിഷമവും ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ നിങ്ങളുടെ സ്ഥലവും സ്വത്തുമാണ് നിങ്ങള്‍ നശിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നമുക്ക് നിശബ്ദരായി ഇരിക്കാന്‍ സാധിക്കില്ല. പക്ഷേ നമ്മുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ സമാധാനപരമായ മറ്റ് മാര്‍ഗങ്ങളുണ്ട്. അതിലേക്കാണ് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്’, എംബാപ്പെ വ്യക്തമാക്കി.
നയേല്‍ എം എന്ന 17കാരനെയാണ് ചൊവ്വാഴ്ച പൊലീസ് വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് ഫ്രാന്‍സില്‍ പ്രതിഷേധം ആളിപ്പടര്‍ന്നത്. ഗതാഗതലംഘനക്കുറ്റം ആരോപിച്ചായിരുന്നു പൊലീസിന്റെ ക്രൂരത. വണ്ടി തടഞ്ഞുനിര്‍ത്തി നയേലിന് നേരെ പൊലീസ് നേരിട്ട് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ജീരിയന്‍ വംശജനാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട നയേല്‍.
പാരീസിന്റെ പലയിടങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പാരീസില്‍ നിന്ന് 150 ഓളം പ്രതിഷേധക്കാരെ വ്യാഴാഴ്ച മാത്രം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടാന്‍ ആയിരക്കണക്കിന് പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട നയേലിന്റെ സംസ്‌കാരം ഇന്ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.