ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയെച്ചൊല്ലിയുള്ള തർക്കത്തിനെത്തുടർന്നു ഡിസിസി ഓഫിസിൽ പ്രവർത്തകർ തമ്മിൽ അക്രമവും കയ്യാങ്കളിയും. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ചുവെന്നാരോപിച്ച് ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറ ഓഫിസിൽ പ്രതിഷേധിച്ചു. മർദനം ചോദ്യം ചെയ്യാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫിസിൽ ഉണ്ടായിരുന്നവരും തമ്മിൽ പിന്നീട് ഉന്തും തള്ളുമുണ്ടായി.
കെ.മുരളീധരന്റെ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നിൽ പാർട്ടി നേതാക്കളിൽ ചിലരാണെന്ന തരത്തിൽ ചില പോസ്റ്ററുകൾ ഡിസിസി ഓഫിസിനു മുൻപിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഓഫിസിലെത്തുമ്പോൾ സജീവൻ കുരിയച്ചിറയും വിയ്യൂരിലെ കോൺഗ്രസ് പ്രവർത്തകനായ സുരേഷും അവിടെയുണ്ടായിരുന്നു.
പോസ്റ്റർ ഒട്ടിച്ചത് എന്തിനെന്ന് ഡിസിസി പ്രസിഡന്റ് ചോദിച്ചതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ മർദിക്കുകയായിരുന്നുവെന്നും തടയാനെത്തിയ സജീവനെയും തള്ളിയിട്ടെന്നും സുരേഷ് പറയുന്നു. പിന്നീട് പോസ്റ്റർ ഓടിച്ചത് ആരെന്നു ക്യാമറയിൽ നോക്കാനായി ഡിസിസി പ്രസിഡന്റും യൂത്ത് കോൺഗ്രസുകാരും മുകളിലെ നിലയിലേക്ക് കയറിപ്പോയി. സജീവൻ കുരിയച്ചിറ താഴത്തെ നിലയിൽ തന്നെ കസേരയിട്ടിരുന്നു തന്റെ പ്രതിഷേധം അറിയിച്ചു.
അല്പസമയത്തിനുശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബിമോൻ തോമസും കെഎസ്‌യു ജില്ലാ ഭാരവാഹി ആയിരുന്ന നിഖിൽ ജോണും മറ്റ് യൂത്ത് കോൺഗ്രസ്, കെഎസ്‌യു ജില്ലാ ഭാരവാഹികളും ഡിസിസി ഓഫിസിൽ എത്തി. ഇതിനിടെ, മുകളിലെ നിലയിൽ നിന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.പ്രമോദ്, കെഎസ്‌യു സംസ്ഥാന സെക്രട്ടറി സി.വി.വിമൽ എന്നിവരുടെ നേതൃത്വത്തിൽ മുകളിലെ നിലയിലുള്ള ഏതാനും പ്രവർത്തകരും താഴേക്കിറങ്ങി. കോണിപ്പടിയിൽ വച്ച് ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടുകയും വെല്ലുവിളി ഉയർത്തുകയും ചെയ്തു.
Read also: ഇടുക്കിയിൽ പള്ളിയിൽ പോയ യുവതിയെ കടന്നു പിടിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ