കൃത്രിമകൈ ലഭിച്ചിട്ടില്ല; പുതുവർഷം വന്നിട്ടും സ്കൂളിൽ പോകാൻ കഴിയാതെ വിനോദിനി
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ഗുരുതര ചികിത്സാപിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് ഇതുവരെ കൃത്രിമകൈ ലഭിച്ചിട്ടില്ല.
പുതുവർഷം വന്നിട്ടും സ്കൂളിൽ പോകാൻ കഴിയാതെ, കുട്ടി ഇപ്പോഴും വീട്ടിനുള്ളിൽ ഒതുങ്ങിക്കഴിയുകയാണ്. ചികിത്സാപിഴവിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന ഈ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം വലിയ നിരാശയിലാണ്.
സെപ്റ്റംബർ 24നാണ് വിനോദിനിക്ക് അപകടമുണ്ടായത്. സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണ കുട്ടിയെ ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
വലതുകൈക്ക് പൊട്ടലും മുറിവും ഉണ്ടായിരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ജില്ലാ ആശുപത്രിയിൽ കൈക്ക് പ്ലാസ്റ്റർ ഇട്ടെങ്കിലും തുടർപരിചരണത്തിൽ ഗുരുതര അശ്രദ്ധ ഉണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം.
പ്ലാസ്റ്റർ ഇട്ടതിനു പിന്നാലെ കൈവിരലുകളിൽ കുമിളകൾ പൊങ്ങുകയും അസ്വാഭാവികമായ വേദനയും നിറംമാറ്റവും ഉണ്ടാകുകയും ചെയ്തു.
കൃത്രിമകൈ ലഭിച്ചിട്ടില്ല; പുതുവർഷം വന്നിട്ടും സ്കൂളിൽ പോകാൻ കഴിയാതെ വിനോദിനി
വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
തുടർന്ന് അടിയന്തിരമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, അണുബാധ ഗുരുതരമായതിനാൽ വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നു.
ഈ സംഭവം പുറത്തറിഞ്ഞതോടെ ചികിത്സാപിഴവിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സമയത്തും പിന്നീട് വീട്ടിലേക്ക് മടങ്ങിയ ശേഷവും സഹായത്തിനായി സർക്കാർ തലങ്ങളിൽ സമീപിച്ചെങ്കിലും യാതൊരു ഫലപ്രദ ഇടപെടലും ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഒടുവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കുകയായിരുന്നു.
എന്നാൽ ഈ തുക കുട്ടിക്ക് കൃത്രിമകൈ ഘടിപ്പിക്കുന്നതിനോ ദീർഘകാല പുനരധിവാസത്തിനോ മതിയാകുന്നതല്ലെന്ന് വിനോദിനിയുടെ അമ്മ പറയുന്നു.
കൃത്രിമകൈ വെക്കാൻ ആവശ്യമായ വലിയ തുക കണ്ടെത്താൻ കഴിയാതെ കുടുംബം വിഷമിക്കുകയാണ്. ജില്ലാ കലക്ടറെ നേരിൽ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വ്യക്തമായ സഹായവാഗ്ദാനങ്ങളൊന്നും ലഭിച്ചിട്ടില്ല.
വലതുകൈ നഷ്ടമായതോടെ വിനോദിനിയുടെ പഠനവും കളിയും സ്വപ്നങ്ങളും എല്ലാം നിലച്ചിരിക്കുകയാണ്.
സഹപാഠികൾ സ്കൂളിലേക്ക് പോകുമ്പോൾ വീട്ടിൽ തന്നെ കഴിയേണ്ടി വരുന്ന കുട്ടിയുടെ മാനസികാവസ്ഥയും കുടുംബത്തെ ഏറെ വേദനിപ്പിക്കുന്നതാണ്.
“രണ്ട് ലക്ഷം രൂപ ഈ നഷ്ടത്തിന് പകരമാവില്ല. ഞങ്ങളുടെ കുട്ടിക്ക് ഒരു കൈയും ഒരു ഭാവിയും തിരികെ വേണം,” എന്നാണ് കുടുംബത്തിന്റെ വേദനയുള്ള പ്രതികരണം.
ചികിത്സാപിഴവിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, വിനോദിനിക്ക് അടിയന്തരമായി കൃത്രിമകൈയും പുനരധിവാസ സഹായവും സർക്കാർ ഉറപ്പാക്കണമെന്നും സാമൂഹിക പ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നു.









