പാപ്പാനെ മടങ്ങിവരൂ, ഏവൂർ കണ്ണന് വിശക്കുന്നു. പാപ്പാൻ മുങ്ങിയതോടെ ദുരിതത്തിലായിരിക്കുകയാണ് ഹരിപ്പാട് ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ ഏവൂർ കണ്ണൻ. 5 ദിവസമായി ഒരേ നിൽപ്പിൽ നിൽക്കുന്ന കൊമ്പന് ഭക്ഷണമോ വെള്ളമോ പോലും കൊടുക്കാനാവുന്നില്ല.കഴിഞ്ഞ ശനിയാഴ്ച ആനയെ ക്ഷേത്രവളപ്പിൽ തളച്ച ശേഷമാണ് തിരുവനന്തപുരം സ്വദേശിയായ പാപ്പാൻ വിനോദ് കുമാർ മുങ്ങിയത്. അന്ന് തുടങ്ങിയ നിൽപ്പ് ഇപ്പോഴും തുടരുകയാണ് ഏവൂർ കണ്ണനെന്ന കൊമ്പൻ. ഒരു സമയം ഒരാളോട് മാത്രം ഇണങ്ങുന്ന പ്രകൃതമായതിനാൽ മറ്റാർക്കും അടുത്ത് ചെന്ന് അഴിച്ച് കെട്ടാനോ വെള്ളം കൊടുക്കാനോ കഴിയുന്നില്ല. തൊട്ടടുത്ത ആനത്തറിയിലേയ്ക്ക് മാറ്റിയാൽ മാത്രമേ ഭക്ഷണം കൊടുക്കാനോ കുളിപ്പിക്കാനോ കഴിയൂ. അഞ്ച് ദിവസമായി ഒരേ നിൽപ്പായതിനാൽ ആനയുടെ ആരോഗ്യസ്ഥിതിയും മോശമായിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
പാപ്പാൻ കഴിഞ്ഞ ശനിയാഴ്ച പോയതാണ്. ക്ഷേത്രവളപ്പിൽ നിൽക്കുന്ന ആനയ്ക്ക് ഭക്ഷണമോ വെള്ളമോ നൽകാൻ കഴിയുന്നില്ല. അഞ്ച് ദിവസമായി ഒരേ നിൽപ്പായതിനാൽ ആനയുടെ ആരോഗ്യ സ്ഥിതിയും മോശമാവുകയാണ്.
പാപ്പാനെ കാണാനില്ലെന്നും ആനയുടെ പരിപാലനം ബുദ്ധിമുട്ടിലാണെന്നും കാട്ടി തിരുവിതാംകൂർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എട്ട് വർഷത്തോളം ഏവൂർ കണ്ണന്റെ പാപ്പാനായിരുന്ന ശരത്, സ്ഥിര നിയമനം ലഭിക്കാത്തതിനാൽ ജോലി ഉപേക്ഷിച്ചു. ആനയുടെ പരിചരണം പ്രതിസന്ധിയിലായതോടെ കഴിഞ്ഞ ഡിസംബറിലാണ് വിനോദ് കുമാറിനെ ഒന്നാം പാപ്പാനായി നിയമിച്ചത്. കഴിഞ്ഞയാഴ്ച ആനത്തറിയിൽ നിന്നിറക്കി ക്ഷേത്രവളപ്പിൽ തളച്ച ആനയെ തിരികെ എത്തിക്കാതെ പാപ്പാൻ മുങ്ങുകയായിരുന്നു.