തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട് തനിക്ക് പ്രണയം അല്ലെന്നും കടുത്ത പകയാണെന്നും അഫാൻ പോലീസിനോട് പറഞ്ഞു. പണയം വെച്ച മാല തിരികെ ചോദിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതി അഫാന് മാല നൽകിയത് ഫർസാനയുടെ വീട്ടിൽ അറിഞ്ഞു. ഇതോടെ മാല തിരികെ നൽകാൻ ഫർസാന സമ്മർദ്ദം ചെലുത്തി. ഇതാണ് കടുത്ത പക തോന്നാൻ കാരണമായത് എന്നും പ്രതി പോലീസിനോട് പറഞ്ഞു. മാതാവ് ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് പ്രതി ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്.
ഗരുകുഴിയിലെ കടയിൽ നിന്ന് അഫാൻ മുളകുപൊടി വാങ്ങിയിരുന്നു. ക്രൂരകൃത്യം നടത്തുന്ന സമയത്ത് വീട്ടിൽ ആരെങ്കിലും എത്തിയാൽ അവരെ ആക്രമിക്കാനായിരുന്നു മുളകുപൊടി വാങ്ങിയത്. പേരുമലയിലെ വീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം വെളിപ്പടുത്തിയത്.
പിതാവിന്റെ കാർ പണയപ്പെടുത്തിയത് ഫർസാനയുടെ മാല തിരികെ എടുത്ത് നൽകാനായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു. താൻ മരിച്ചാൽ ഫർസാനയ്ക്ക് ആരുമില്ലാതെയാകും എന്നുകരുതിയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു അഫാൻ പൊലീസിന് ആദ്യം നൽകിയ മൊഴി.