വൈക്കം എംഎൽഎ സികെ ആശയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ വൈക്കം സിഐയ്ക്ക് സ്ഥലം മാറ്റം. വൈക്കം പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസ്എച്ച്ഒ കെജെ തോമസിനെതിരെയാണ് നടപടി.Vaikom CI transferred on complaint of rude behavior to Asha
വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത സിപിഐ നേതാക്കളെ മർദ്ദിച്ചതായും എംഎൽഎയോട് മോശമായി പെരുമാറിയെന്നും പരാതി ഉയർന്നിരുന്നു.
സംഭവത്തിന് പിന്നാലെ സികെ ആശ നിയമസഭാ സ്പീക്കർക്ക് പരാതി നൽകി. ഡിജിപിക്കും പരാതി നൽകിയിരുന്നു. ഡിജിപിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് സിഐയെ സ്ഥലം മാറ്റിയത്. സ്പീക്കർക്ക് നൽകിയ പരാതിയിൽ അന്വേഷണം തുടരും.
വൈക്കം നഗരത്തിൽ വഴിയോരത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാൻ എത്തിയ പൊലീസിനെ സിപിഐ, എഐടിയുസി പ്രവർത്തകർ തടഞ്ഞതാണു തുടക്കം. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു വാഹനത്തിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു.
വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ എംഎൽഎ, എസ്എച്ച്ഒയെ ഫോണിൽ വിളിച്ച് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. എസ്എച്ച്ഒ എത്തിയില്ല.
‘അവൾ അവിടെ ഇരിക്കട്ടെ, എനിക്കിപ്പോൾ സൗകര്യമില്ല’ എന്ന് സംഘർഷ സ്ഥലത്തു നിന്ന എസ്എച്ച്ഒ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതായി താൻ അറിഞ്ഞെന്ന് എംഎൽഎ പറഞ്ഞിരുന്നു. രണ്ടര മണിക്കൂർ സ്റ്റേഷനിൽ താൻ കാത്തുനിന്നെന്നും എംഎൽഎ പരാതിപ്പെട്ടിരുന്നു.