തിരുവനന്തപുരം: കേരളത്തില്‍ കെ.സുരേന്ദ്രനു പകരം വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ ബിജെപി അധ്യക്ഷനാക്കിയേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 4 സംസ്ഥാനങ്ങളില്‍ ബിജെപി അധ്യക്ഷന്‍മാരെ മാറ്റിയിരുന്നു. കേരളത്തിലും മാറ്റം ആവശ്യമാണെന്ന തരത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വി.മുരളീധരന്‍ സംസ്ഥാന അധ്യക്ഷനായാല്‍ നടന്‍ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലെത്തുമെന്ന പ്രചാരണവുമുണ്ട്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് കാബിനറ്റ് സ്ഥാനം ലഭിച്ചേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി തുടരുമെന്നാണ് നേരത്തെ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുതിയ നേതൃത്വം ഉണ്ടാകുമെന്നാണ് ജെ.പി. നഡ്ഡ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി 4 സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെ ബിജെപി മാറ്റിയിരുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ പ്രസിഡന്റുമാരെയാണ് മാറ്റിയത്. ഇതിനു പുറമേയാണ് കേരളം, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലും നേതൃമാറ്റത്തിന് പാര്‍ട്ടി ഒരുങ്ങുന്നത്.
മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന വി.മുരളീധരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നത് ഗുണകരമാകുമെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. പാര്‍ട്ടിയുടെ ജനകീയ മുഖങ്ങളിലൊന്നാണ് മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ച വയ്ക്കണമെങ്കില്‍ മുരളീധരന്‍ അടക്കമുള്ള പ്രധാന നേതാക്കള്‍ സംസ്ഥാനത്ത് സജീവമാകണമെന്ന അഭിപ്രായമാണ് നേതൃത്വത്തിന്.