ഡൽഹി: വയനാട്ടില്‍ കാട്ടാനയാക്രമണം രൂക്ഷമായിട്ടും എംപി രാഹുൽഗാന്ധി മണ്ഡലത്തിലെത്താൻ വൈകിയതിനെതിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. രാഹുൽ ഗാന്ധി ടൂറിസ്റ്റാണ്. വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം മണ്ഡലത്തിൽ പോകേണ്ടതെന്ന് മുരളീധരൻ പറഞ്ഞു. വയനാട്ടിലെ ജനങ്ങളോട് പിണറായി വിജയൻ സർക്കാർ ജനാധിപത്യവിരുദ്ധ നടപടികളെടുക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വനംവകുപ്പ് വാച്ചർക്ക് മതിയായ ചികിത്സാ നൽകിയില്ലെന്ന് കുടുംബം പറയുന്നു.ആനയുടെ ചവിട്ടേറ്റയാളെ മെഡിക്കൽ കോളജുകൾ തമ്മിൽ മാറേണ്ടി വരുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മാനന്തവാടി മെഡിക്കൽ കോളേജ് പേരിനുമാത്രമാണ്. ബോര്‍ഡ് വച്ചതുകൊണ്ടുമാത്രം ആശുപത്രി മെഡിക്കല്‍ കോളേജാകില്ല.താലൂക്ക് ആശുപത്രിയുടെ മുന്നിലാണ് മെഡിക്കൽ കോളേജ് എന്ന പേര് വച്ചത്. വന്യമൃഗശല്യങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ മതിയായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിന്‍റെ മാർഗ്ഗനിർദേശങ്ങൾ ഉണ്ട്.
വനംമന്ത്രി ടിവി കണ്ടു രസിക്കുകയല്ല വേണ്ടത്.എന്തിനാണ് ഇങ്ങനെ ഒരു മന്ത്രിയെ പിണറായി വിജയൻ സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി ഇന്ന് കോഴിക്കോടുണ്ട്. മുഖം മിനുക്കാൻ പിആര്‍ എക്സർസൈസ്സാണ് നടക്കുന്നതെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചു.