വിവാദത്തിന് പിന്നാലെ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയാൻ തീരുമാനിച്ച് വി.കെ.പ്രശാന്ത്
തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എംഎൽഎ ഓഫിസ് ഒഴിയാൻ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് തീരുമാനിച്ചു.
ഓഫിസിന്റെ പേരിൽ വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുമായി അടുത്തിടെ ഉണ്ടായ തർക്കങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ.
ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ നിന്ന് ഓഫിസ് മാറ്റി മണ്ഡലത്തിലെ മരുതംകുഴിയിലേക്ക് പ്രവർത്തനം മാറ്റാനാണ് എംഎൽഎയുടെ തീരുമാനം.
ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്കാണ് എംഎൽഎ ഓഫിസ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഈ ഓഫിസ് ഒഴിയണമെന്ന ആവശ്യം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ നേരത്തെ ഉന്നയിച്ചിരുന്നു.
ഈ ആവശ്യം വി.കെ. പ്രശാന്ത് ആദ്യം നിരസിച്ചെങ്കിലും, വിഷയം രാഷ്ട്രീയ വിവാദമായി മാറിയതോടെയാണ് ഓഫിസ് മാറ്റാൻ എംഎൽഎ തീരുമാനിച്ചത്.
വിവാദത്തിന് പിന്നാലെ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയാൻ തീരുമാനിച്ച് വി.കെ.പ്രശാന്ത്
ഇനി തർക്കത്തിനും ചർച്ചയ്ക്കും അവസരമില്ലെന്നും ഓഫിസ് മാറുക എന്നതുതന്നെയാണ് ഉചിതമായ തീരുമാനമെന്നും വി.കെ. പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘‘ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന സ്ഥലമാണ് എംഎൽഎ ഓഫിസ്. അതിനനുയോജ്യമായ സ്ഥലത്തേക്കാണ് ഓഫിസ് മാറ്റുന്നത്. വിവാദങ്ങൾക്ക് ഇനി പ്രസക്തിയില്ല.
വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ജനങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്തത്’’ എന്നും അദ്ദേഹം വ്യക്തമാക്കി.
ഓഫിസിൽ ജനങ്ങൾ എത്തുന്നത് രാഷ്ട്രീയ ആവശ്യങ്ങൾക്കല്ലെന്നും പൊതുജന സേവനത്തിനായാണെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
ഈ വിഷയത്തെ ചൊല്ലി തനിക്കെതിരെ വ്യക്തിപരമായ അപവാദങ്ങൾ പ്രചരിപ്പിക്കാൻ ശ്രമമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. പുതിയ ഓഫിസിലേക്ക് മാറുന്ന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും എംഎൽഎ അറിയിച്ചു.
മുന്‍പ് ഓഫിസ് മാറ്റം വിവാദമായപ്പോൾ കൗൺസിലറുടെ തിട്ടൂരം അംഗീകരിക്കില്ലെന്ന നിലപാടായിരുന്നു എംഎൽഎ സ്വീകരിച്ചിരുന്നത്.
അതേസമയം, ഓഫിസ് മാറ്റാൻ ആവശ്യപ്പെട്ടത് സൗഹൃദത്തിന്റെ പേരിലാണെന്നായിരുന്നു കൗൺസിലർ ആർ. ശ്രീലേഖയുടെ വിശദീകരണം.
അടുത്തിടെ എംഎൽഎ ഓഫിസിലെ ബോർഡിന് മുകളിൽ ശ്രീലേഖയുടെ പേരെഴുതിയ മറ്റൊരു ബോർഡ് സ്ഥാപിച്ചതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.









