കൊച്ചി: ഉത്ര വധക്കേസിൽ പരോൾ ലഭിക്കാനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ പ്രതി സൂരജിന്റെ മാതാവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. പൂജപ്പുര ജയിൽ സൂപ്രണ്ട് നൽകിയ പരാതിയിലെടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. മെഡിക്കൽ സർട്ടിഫിക്കറ്റ് സൂരജിന്റെ അമ്മ രേണുകയാണ് തിരുത്തിയതെന്ന് കണ്ടെത്തിയിരുന്നു.(Uthra murder case; Interim anticipatory bail for accused Sooraj’s mother)
പ്രതിയുടെ അടിയന്തര പരോൾ ആവശ്യപ്പെട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിൽ പിതാവിന് ഗുരുതരരോഗമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സംശയം തോന്നിയ ജയിൽ അധികൃതർ സർട്ടിഫിക്കറ്റ് നൽകിയ ഡോക്‌ടറോട് കാര്യങ്ങൾ ചോദിക്കുകയായിരുന്നു. സൂപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചുകൊടുത്തു. തുടർന്ന് സർട്ടിഫിക്കറ്റ് നൽകിയത് താനാണെങ്കിലും അതിൽ ഗുരുതരരോഗമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും ഡോക്‌ടർ അറിയിക്കുകയായിരുന്നു.
രേഖ വ്യാജമാണെന്ന് വ്യക്തമായതോടെയാണ് സൂപ്രണ്ട് സൂരജിനെതിരെ പൂജപ്പുര പൊലീസിൽ പരാതി നൽകിയത്. പുറത്തുനിന്നുള്ള ആളാണ് വ്യാജരേഖ ഉണ്ടാക്കിയതെന്നാണ് വിവരം. സൂരജിന്റെ അമ്മയായിരുന്നു സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തിൽ പ്രതി സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും. വ്യാജരേഖയുണ്ടാക്കാൻ സഹായിച്ചവരെയും കണ്ടെത്തും.