ഫോർട്ട്കൊച്ചി: കടൽതീരത്തെ മാലിന്യത്തിൽനിന്ന് ശേഖരിച്ച ചെരിപ്പുകൾ ഉപയോഗിച്ച് തീരശുചീകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആകർഷകമായ സെൽഫി പോയന്റുകൾ ഒരുക്കി.Using sandals made from beach trash Selfie points have been prepared.
ടൂറിസം ദിനത്തിന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും പ്ലാൻ അറ്റ് എർത്തും ചേർന്നാണ് ഫോർട്ട്കൊച്ചി സൗത്ത് ബീച്ചിൽ സെൽഫി പോയൻറുകൾ ഒരുക്കിയത്.
വെള്ളിയാഴ്ച വൈകീട്ട് നാലിന് ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യും. കെ.ജെ. മാക്സി എം.എൽ.എ, ഫോർട്ട്കൊച്ചി സബ് കലക്ടർ കെ. മീര, ജില്ല ടൂറിസം സെക്രട്ടറി സതീഷ് മിരാൻ, ബോണി തോമസ് എന്നിവർ സംസാരിക്കും.
ഒരാഴ്ചയായി ഫോർട്ട്കൊച്ചി ബീച്ച് ശുചീകരണത്തിൽ കായലിലൂടെയും കടലിലൂടെയും ഒഴുകിയെത്തിയ 1300 കിലോയിലധികം ചെരിപ്പുകളാണ് ശേഖരിച്ചത്. ഇതിലെ നൂറുകണക്കിന് ചെരിപ്പുകൾ ഉപയോഗിച്ചാണ് ചിറകുരൂപത്തിൽ നിറപ്പകിട്ടുള്ള മൂന്ന് സെൽഫി പോയന്റുകൾ ഒരുക്കിയത്.
പൂക്കൾ, പക്ഷികൾ എന്നീ രൂപങ്ങളും രണ്ടാം ഘട്ടമായി നിർമിക്കും. ടൂറിസം ദിനത്തോടനുബന്ധിച്ച് ബീച്ചിലെത്തുന്ന വനിതകളുടെ കൈകളിൽ സൗജന്യമായി മൈലാഞ്ചിയിടും. മട്ടാഞ്ചേരിയിലെ മൈലാഞ്ചി കലാകാരി ഷിഫാനയുടെ നേതൃത്വത്തിലാണ് മൈലാഞ്ചിയിടൽ.