തിരുവനന്തപുരം: പ്രശസ്ത നാടകനടനായ ചവറ വി.പി. നായർ കലാനിലയം സ്ഥിരംനാടകവേദിയുടെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. നർത്തകി എന്ന നിലയിൽ തിരുവനന്തപുരം സ്വദേശിനിയായ വിജയലക്ഷ്മി നാടകവേദിയുടെ ഭാഗമായി.Urvashi has made a beautiful comeback by portraying a powerful role through Ullozhuk
വൈകാതെ അവർ ഇരുവരും പ്രണയബദ്ധരാവുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്തു. അവരുടെ ദാമ്പത്യത്തിന് സമ്മാനമായി കാലം മൂന്നു പെണ്മക്കളെ നൽകി. മൂത്തപുത്രിക്ക് കലാരഞ്ജിനി എന്നും രണ്ടാമത്തെ മകൾക്ക് കൽപ്പനാരഞ്ജിനി എന്നും മൂന്നാമത്തെ മകൾക്ക് കവിതാരഞ്ജിനി എന്നും അച്ഛനമ്മമാർ പേരിട്ടു.
മൂന്നാമത്തെ മകളായ കവിതയെ അവൾ ഏറ്റവും ചെറുതായതുകൊണ്ട് വീട്ടിൽ എല്ലാവരും പൊടിമോൾ എന്നു വിളിച്ചു. ഈ മൂന്നു പെൺകുട്ടികൾക്കു താഴെ ആ ദമ്പതികൾക്ക് രണ്ട് ആൺകുട്ടികളും പിറന്നു. അച്ഛനമ്മമാർ അവർക്ക് കമൽറോയ് എന്നും പ്രിൻസ് എന്നും പേര് നൽകി.
കവിതാരഞ്ജിനി എന്ന പൊടിമോളാണ് തെന്നിന്ത്യയിലെ നാലു ഭാഷകളിലുമുള്ള അനവധി സിനിമകളിൽ നായികയായി അത്ഭുതകരമായ പ്രകടനം കാഴ്ചവെച്ച് പ്രശസ്തി നേടിയ ഉർവശി. ഇന്നും ജനങ്ങൾ ഇഷ്ടപ്പെടുന്ന സ്വഭാവനടിയായി അഭിനയരംഗത്ത് ജ്വലിച്ചുനിൽക്കുകയാണ് ഉർവശി എന്ന നടി.
വെള്ളിത്തിരയിൽ സ്വാഭാവിക അഭിനയത്തിന്റെ റാണിയായ ഉർവശിയെത്തേടി വീണ്ടും സംസ്ഥാന പുരസ്കാരം എത്തിയിരിക്കുന്നു. മികച്ച നടിക്കുള്ള പുരസ്കാരം ബീന ആർ ചന്ദ്രനുമായി പങ്കിടുകയാണ്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അതിമനോഹര അഭിനയത്തിനാണ് ഉർവശിക്ക് പുരസ്കാരം.
നിരവധി തവണ സംസ്ഥാന സിനിമാ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ഉർവശിക്ക് ഇത് പുതുമയല്ല. പക്ഷേ, ഉള്ളൊഴുക്കിലൂടെ അതിശക്തമായ വേഷം അവതരിപ്പിച്ച് മനോഹരമായ തിരിച്ചുവരവാണ് ഉർവശി നടത്തിയിരിക്കുന്നത്.
പുരസ്കാരങ്ങളെക്കുറിച്ചോ ലഭിച്ച നേട്ടങ്ങളോർത്തോ അമിതമായ സന്തോഷം ഇല്ലെന്നാണ് ഉർവശി പറയുന്നത്. കുടുംബങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ഫാമിലി ബ്ലോക്ക്ബസ്റ്റർ ആയിരുന്നു ഉള്ളൊഴുക്ക്.
മനുഷ്യമനസ്സുകളുടെ സങ്കീർണ്ണവികാരങ്ങളെ അതീവമനോഹരമായി സംവിധായകൻ ക്രിസ്റ്റോ ടോമി വെള്ളിത്തിരയിൽ വരച്ചുകാട്ടിയപ്പോൾ മഹാനടി ഉർവശിയുടെ പ്രകടനം ചിത്രത്തിന്റെ മാറ്റുകൂട്ടി.
മികച്ച സ്വഭാവ നടിക്കുള്ള ദേശീയ പുരസ്കാരവും അഞ്ചു തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും (തുടർച്ചയായി മൂന്നു തവണ) രണ്ട് തവണ തമിഴനാട് സർക്കാരിന്റെ പുരസ്കാരവും ഉർവശി നേടിയിട്ടുണ്ട്.
കലാകുടുംബത്തിൽ പിറന്ന ഉർവശിക്ക് അഭിനയവും സിനിമയും രക്തത്തിൽ അലിഞ്ഞതാണ്. 1984 മുതൽ കലാരംഗത്ത് സജീവമായ ഉർവശിയുടെ ആദ്യ ചിത്രം കെ.ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. എതിർപ്പുകൾ ആണ് ആദ്യ മലയാള സിനിമ.
കലാരഞ്ജിനി, കൽപ്പന എന്നിവരുടെ സഹോദരിയാണ് കൽപ്പന. ഇന്ത്യയിലെ മികച്ച പത്ത് അഭിനേത്രികളിൽ ഒരാളാണ് ഉർവശിയെന്ന് അടുത്തിടെ നടനും സംവിധായകനുമായ ആർജെ ബാലാജി വ്യക്തമാക്കിയിരുന്നു. അഭിനയത്തിനപ്പുറം കഴിവുകളുള്ള താരമാണ് ഉർവശി. സിനിമയിൽ അവർക്കറിയാത്ത മേഖലകളില്ല.
‘‘കമൽ സർ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്, അദ്ദേഹം കൂടെ ജോലിചെയ്തതിൽ വച്ച് ഏറ്റവും ഇന്റലിജന്റ് ആയ നടിയാണ് ഉർവശിയെന്ന്. അത് നൂറ് ശതമാനം ശരിയാണ്. രണ്ട് പടങ്ങളിൽ ഞാൻ ഉർവശിക്കൊപ്പം പ്രവർത്തിച്ചു. ഇതുപോലെ കഴിവുള്ള കലാകാരിയെ ഞാൻ കണ്ടിട്ടില്ല. പിഞ്ചുകുഞ്ഞിന്റെ മനസ്സുള്ള പാവം നടിയാണ് ഉർവശി. സത്യരാജ് സർ പറയുന്നതു പോലെ ശരിക്കും നടിപ്പ് രാക്ഷസി തന്നെയാണ് ഉർവശി മാം.’’ – ആർജെ ബാലാജി പറഞ്ഞു.
മലയാളവും തമിഴും കന്നഡയും തെലുങ്കുമെല്ലാം കടന്ന് അഭിനയത്തിന്റെ മുഖശ്രീയായി മാറിയിരിക്കുകയാണ് ഉർവശി. ‘ഉള്ളൊഴുക്കി’ലെ ലീലാമ്മ എന്ന കഥാപാത്രം ഉർവശിയുടെ ശക്തമായ തിരിച്ചുവരവിനാണ് സാക്ഷിയായത്. ഈ കഥാപാത്രമാണ് മികച്ച നടിക്കുള്ള പുരസ്കാരം ഉർവശിക്ക് നേടിക്കൊടുത്തത്.
നായികയായും പ്രതിനായികയായും സ്വാഭവനടിയായും മലയാള സിനിമയിൽ ഉർവശിയെ പോലെ നിറഞ്ഞാടിയ മറ്റൊരു അഭിനേത്രി വേറെയില്ല. നായികയായി നിറഞ്ഞുനിൽക്കുമ്പോൾ തന്നെ ചെറിയ ക്യാരക്ടർ റോളുകൾ ചെയ്യാൻ ഉർവശി ഒരിക്കലും മടി കാണിച്ചിട്ടില്ല.
തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായകൻമാരുടെ നായിക പേരെടുത്തു നിൽക്കുമ്പോഴും താരതമ്യേന താരമൂല്യം കുറഞ്ഞ നടൻമാരുടെ നായികയാകാനും ഉർവശി വിമുഖത കാണിച്ചിട്ടില്ല. 2018-ൽ പുറത്തിറങ്ങിയ എന്റെ ഉമ്മാന്റെ പേരിലെ ഐഷയുടെ വേഷം ഉർവശി മനോഹരമാക്കി.
ഉള്ളൊഴുക്കിൽ ഉർവശി സൂക്ഷ്മ ചലനങ്ങളിലൂടെ ലീലാമ്മ എന്ന കഥാപാത്രത്തെ അനശ്വരമാക്കി. അവരുടെ സൂക്ഷ്മ ചലനങ്ങൾക്കും മൗനങ്ങൾക്കും ഇടർച്ചകളും കഥാപാത്രത്തിന് മിഴിവേറ്റി. പ്രേക്ഷകരുടെ ഉള്ള് ഉലക്കുന്നതായിരുന്നു ഉർവശിയുടെ കഥാപാത്രം.
1969ൽ നാടക കലാപ്രതിഭകളായ ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മൂന്നാമത്തെ മകളായാണ് കവിത എന്ന ഉർവശിയുടെ ജനനം. മൂത്ത സഹോദരിമാരെപ്പോലെ തന്നെ ഉർവശിയിലും കലാപരമായ കഴിവുകളുണ്ടായിരുന്നു.
ഒൻപതാമത്തെ വയസ്സിൽ ഒരു സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഉർവശിയെ തേടിയെത്തി. ശ്രീകുമാരൻ തമ്പി തിരക്കഥ എഴുതിയ ‘കതിർമണ്ഡപ’ത്തിലൂടെ ബാലനടിയായിട്ടാണ് ഉർവശി ആദ്യമായി സിനിമയിലെത്തിയത്.
ബാലതാരമായി അഭിനയിച്ച മൂന്നു ചിത്രങ്ങളിലും ബേബി കവിത എന്നാണ് ടൈറ്റിലിൽ കൊടുത്തിരുന്നത്. പിന്നീട് പതിനാലാമത്തെ വയസ്സിൽ ഭാഗ്യരാജിന്റെ ‘മുന്താണെ മുടിച്ചു’വിൽ നായികയായി അരങ്ങേറ്റം കുറിച്ചതോടെയാണ് കവിത ഉർവശിയായി മാറിയത്.
തമിഴിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ എവിഎം ആണ് ഈ ചിത്രം നിർമിച്ചത്. എവിഎം ശരവണനും ഭാഗ്യരാജും കൂടിയാണ് ഇന്ദ്രസദസ്സിലെ ദേവനർത്തകിയായ ഉർവശിയുടെ പേര് കവിതയിലേക്ക് സന്നിവേശിപ്പിച്ചത്.
അന്ന് തമിഴിൽ കവിത എന്ന ഒരു നടി ഉണ്ടായിരുന്നു. അതിനാൽ ഉർവശി എന്ന പേരിട്ടു. അത് പിന്നീട് ഭാഗ്യം കൊണ്ടുവന്നു.
‘മുന്താണെ മുടിച്ചിലെ’ നായികയായത് 14-ാം വയസിലായിരുന്നു. സാരിയും ബ്ലൗസുമണിഞ്ഞു കല്യാണപ്പെണ്ണായും കുടുംബിനിയുമൊക്കെയായി പിന്നീട് തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.
‘മുന്താണെ മുടിച്ച്’ വൻ ഹിറ്റായിരുന്നു. ഭാഗ്യരാജിനോടൊപ്പം ഉർവശിയുടെയും ഭാഗ്യം തെളിഞ്ഞു. പിന്നെ ഉർവശിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ തിരക്കോട് തിരക്ക്. ന്യൂഇയർ, മറുപുറം, കൂടിക്കാഴ്ച, സ്ത്രീധനം, തൂവൽ സ്പർശം, തിരുത്തൽവാദി, ഭാര്യ, ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ്, സൗഹൃദം തുടങ്ങി ഹിറ്റ് സിനിമകളേറെയുണ്ടായി.
സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും രാജസേനന്റെയുമൊക്കെ ചിത്രങ്ങളിൽ വൈവിദ്ധ്യങ്ങളായ വേഷം കിട്ടി. അക്കാലത്ത് അതിസൂക്ഷ്മമായ ഭാവപപ്രകടനം കാഴ്ചവയ്ക്കാൻ ഉർവശിയല്ലാതെ ആരുമുണ്ടായിരുന്നില്ല. ഭരതന്റെ വെങ്കലം ഉർവശിയുടെ സിനിമാജീവിതത്തിലെ വഴിത്തിരിവായി.
ഒരു വ്യാഴവട്ടക്കാലം അഭിനയ കലയുടെ നിറസാന്നിധ്യമായി പുതിയൊരു അഭിനയസംസ്കാരവുമായി ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കാൻ ഉർവശിക്ക് കഴിഞ്ഞു. മനോജ് കെ. ജയനുമായുള്ള വിവാഹത്തോടെ അഭിനയത്തോടെ വിടപറഞ്ഞെങ്കിലും 5 വർഷത്തിനകം തിരിച്ചെത്തി.
സത്യൻ അന്തിക്കാടിന്റെ “അച്ചുവിന്റെ അമ്മ” എന്ന ചിത്രത്തിൽ മീരാജാസ്മിന്റെ അമ്മ വേഷം ചെയ്തുകൊണ്ടായിരുന്നു രണ്ടാം വരവ്. നായിക വേഷങ്ങളിൽ നിന്ന് ക്യാരക്ടർ റോളുകളിലേക്ക് മാറിയെങ്കിലും ഉർവശിയിലെ അഭിനയ പ്രതിഭയ്ക്ക് കൂടുതൽ തിളക്കം കൈവരികയായിരുന്നു.
ഏതു കഥാപാത്രവും അനായാസം ചെയ്യുമെന്നതാണ് ഉർവശിയുടെ പ്രത്യേകത. എല്ലാത്തരം കഥാപാത്രങ്ങളെയും ഉർവശി അഭിനയിച്ചു തകർക്കും. സിനിമയിൽ വന്ന കാലം തൊട്ട് നായിക എന്ന രീതിയിൽ മാത്രം ഒതുങ്ങാതെ നിന്ന അഭിനേത്രി കൂടിയാണ് ഊർവശി.
തൂവൽ സ്പർശവും കൗതുക വാർത്തകളും ചെയ്ത അതേ വർഷമാണ് തലയണ മന്ത്രത്തിലെ കാഞ്ചന എന്ന കഥാപാത്രത്തെ ഊർവശി ചെയ്തത്. ആ വേഷത്തിന് സ്റ്റേറ്റ് അവാർഡും ലഭിച്ചു. ഒരേ സമയം വിവിധ വേഷങ്ങൾ കൈകാര്യം ചെയ്യാൻ ഊർവശിക്ക് അനായാസം സാധിക്കും.
തന്റെ സിനിമാജീവിതത്തെക്കുറിച്ച് ഉർവശി പറയുന്നതിങ്ങനെ- “ചില സംവിധായകരും എഴുത്തുകാരും എന്നെ തന്നെ മനസിൽ കണ്ടു കൊണ്ട് എഴുതുന്നു. അതിനാൽ എനിക്ക് ലഭിക്കുന്ന പ്രശംസകൾക്കെല്ലാം കാരണം ആ സംവിധായകരുടെ കഴിവാണ്.
പിന്നെ ഈ ‘ലേഡി സൂപ്പർ സ്റ്റാർ’ എന്ന് പറയുന്നതിനോടും എനിക്ക് വല്യ താത്പര്യമില്ല. സൂപ്പർസ്റ്റാർ എന്നു മാത്രം വിളിച്ചാൽ പോരെ ? അതുപോലെ ലേഡി ഡയറക്ടർ എന്നു പോലും പറയുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
ടീച്ചർ, ഡോക്ടർ എന്നൊക്കെ പറയുന്ന പോലെ ഇതിനേയും കണ്ടാൽ മതി. അതുപോലെ തന്നെയുള്ള ഒരു ജോലിയാണ് അഭിനയവും. പിന്നെ ഒരു കിരീടവും തലയിൽ എടുത്ത് വെക്കാത്തതാണ് നല്ലത് എന്നാണ് എനിക്ക് തോന്നാറ്. അതൊരു വല്യ ബാധ്യതയാണ്, കാരണം ഇത് വീഴാതെ കൊണ്ട് നടക്കേണ്ടതുണ്ട്. അതിലും എനിക്ക് ഇഷ്ടം എല്ലാ കാലത്തും എല്ലാവർക്കും ഇഷ്ടപ്പെടുന്ന നടിയാവണം എന്നു മാത്രമാണ്.