കോഴിക്കോട് സ്രോതസ് അറിയാത്ത ഉഗ്രശബ്ദം. ആളുകൾ പരിഭ്രാന്തിയിൽ. കല്ലാനോട് ഇല്ലിപ്പിലായി മേഖലയിലാണ് ഇന്നലെ രാത്രി ഉഗ്ര സ്ഫോടനശബ്ദം കേട്ടത്. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്ഫോടന ശബ്ദമാണ് ജനങ്ങളിൽ ഭീതി പരത്തിയത്. (Unknown Explosion Sound in kozhikode)
ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികൾ കേട്ടത്. പൂത്തോട്ട് താഴെ തോടിനോട് ചേർന്ന മേഖലയിൽ വീടുകളിലെ ആളുകളെ ഇപ്പോൾ മാറ്റി താമസിപ്പിക്കുകയാണ്. ജനപ്രതിനിധികൾ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി.
കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങൾ പറഞ്ഞു. മുൻപ് മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ച മേഖലയാണിത്. സംഭവത്തിന് പിന്നിൽ എന്താണെന്നുള്ളതിൽ നാട്ടുകാർക്കിടയിൽ ഭിന്നാഭിപ്രായമാണ്. കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിൽ ഉണ്ടായ ഭൂചലനത്തിന്റെ ബാക്കിയാണോ ഇതെന്നാണ് ഒരു വിഭാഗത്തിന്റെ സംശയം. എന്നാൽ, ബോംബ് പൊട്ടിത്തെറിക്കുന്നതിന്റെ സാധ്യതയും നാട്ടുകാർ തള്ളിക്കളയുന്നില്ല.