ആലപ്പുഴ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ അശ്ലീല ആംഗ്യത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയരുന്നു. തന്നെകുറിച്ച് ഉയരുന്ന പരിഹാസങ്ങളെ കുറിച്ച് പരാമർശിക്കവെയാണ് സുരേഷ് ഗോപി അശ്ലീല ആംഗ്യം കാണിച്ചത്.
താൻ ഇഷ്ടപ്പെടുന്ന നേതാക്കളെ പിന്തുണയ്ക്കാൻ വന്നവനാണെന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി സംസാരിച്ച് തുടങ്ങിയത്. അതിന് ചില കളിയാക്കലുകളും ചില ആക്കലുകളും മറ്റ് ചില കലും ഒക്കെയുണ്ടാകും എന്ന് പറഞ്ഞിന് ശേഷമായിരുന്നു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ അശ്ലീല ആംഗ്യം.
തലമുടിയിൽ കൈകൾ തലോടിയുള്ള ആംഗ്യം കാണിച്ച ശേഷം അത്രയേ ഉള്ളൂ എന്നാണ് സുരേഷ് ഗോപി വേദിയിൽ പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്രമന്ത്രിക്കെതിരെ വിമർശനവുമായി നിരവധിപേരാണ് രംഗത്തെത്തിയത്. അതേസമയം, സുരേഷ് ഗോപിയെ അനുകൂലിച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ:
ഞാൻ ഇഷ്ടപ്പെടുന്ന ഒരുപിടി നേതാക്കളുണ്ട് അവിടെ. അവരെ പിന്തുണയ്ക്കാനും അവരുടെ പാതയിൽ ധീരഭേരി മുഴക്കി അവർ മുന്നോട്ട് പോകുമ്പോൾ അവരെ പിന്തുണയ്ക്കാൻ വന്നവൻ മാത്രമാണ് ഞാൻ. ഹൃദയത്തിൽ നിന്നാണ് ഇത് പറയുന്നത്. അത് അങ്ങനെ തന്നെ പോകും. അതിന് ചില കളിയാക്കലുകളും ചില ആക്കലുകളും മറ്റ് ചില കലും ഒക്കെയുണ്ടാകും.
അതിനെ നമ്മൾ വെറും (ആംഗ്യം കാണിച്ച ശേഷം) അത്രേയുള്ളൂ എന്നമട്ടിലേ കാണുന്നള്ളൂ. അങ്ങനെ കാണാനേ സാധിക്കുകയുള്ളൂ. കാരണം നമ്മുടെ ഉദ്ദേശം വലുതാണ്, ഉദ്ദേശം സത്യസന്ധമാണ്. ഇതേ ഉദ്ദേശം പേറിവന്നവർ സത്യസന്ധമായിരുന്നില്ലെന്ന് തെളിയിക്കുന്ന ഒരു പഴയകാല രേഖയും നമ്മുടെ മുന്നിൽ നല്ല വെടിപ്പായി ഒരുക്കി വെച്ചിട്ടുണ്ട്. അതിന്റെ ചർച്ചയാണ് കഴിഞ്ഞ രണ്ട് ദിവസം വെള്ളിയും ശനിയുമായി ലോക്‌സഭയിലും തിങ്കൾ ചൊവ്വ ദിവസങ്ങളിലായി രാജ്യസഭയിലും നടന്നത്.
സുരേഷ് ഗോപിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. കേന്ദ്രമന്ത്രിക്കെതിരെ വ്യാപകമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിലുണ്ടാകുന്നത്. ഒരു ജനപ്രതിനിധിയും കേന്ദ്രമന്ത്രിയുമായ വ്യക്തിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇതെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഇക്കൂട്ടർ വ്യക്തമാക്കുന്നുണ്ട്.