പ്രധാൻമന്ത്രി ആവാസ് യോജന വൻ നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നഗരങ്ങൾ കേന്ദ്രീകരിച്ച് ഒരു കോടി ഭവനങ്ങൾ നിർമിക്കുമെന്നു ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ. ഈ പദ്ധതിക്കു വേണ്ടി 10 ലക്ഷം കോടി രൂപ ബജറ്റിൽ നീക്കിവച്ചു.(union budget 2024; One crore houses in cities)
അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഈ പദ്ധതിയുടെ 50 ശതമാനം പൂർത്തീകരിക്കുമെന്നും പ്രധാൻമന്ത്രി ആവാസ് യോജനയുടെ ഭാഗമായാണ് ഇതു നടപ്പിലാക്കുകയെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി കൂട്ടിച്ചേർത്തു. ഇതിനു പുറമേ ഒരു കോടി വീടുകൾക്ക് സോളാർ പദ്ധതി സ്ഥാപിക്കാൻ പ്രത്യേക സഹായം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
നഗരപ്രദേശങ്ങളിൽ ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. വികസിത നഗരങ്ങൾക്കായി പ്രത്യേക പാക്കേജും പ്രഖ്യാപിച്ച ധനമന്ത്രി ഗ്രാമീണ മേഖലകളിലെ റോഡ് വികസനത്തിന് പ്രധാൻമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 നടപ്പിലാക്കുമെന്നും അറിയിച്ചു.
എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന റോഡുകൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്നും ഇതിന്റെ ഭാഗമായി രാജ്യമെമ്പാടുമായി 25,000 ഗ്രാമീണ മേഖലകളിൽ പുതിയ റോഡുകൾ നിർമിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.