കൊച്ചി: പലതരം ജോലിതട്ടിപ്പുകൾ ദിവസവും നടക്കുന്ന നാടാണ് നമ്മുടേത്. എന്നാൽ ഇപ്പോൾ ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പേരിൽ തട്ടിപ്പു നടത്തിയെന്ന ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത് ഓർത്തഡോക്സ് സഭയിലെ വൈദികനെതിരെയാണ്. അതും പിഎസ്‌സിയിൽ ജോലി ചെയ്യുന്ന തൻ്റെ ഭാര്യയുടെ സ്വാധീനത്തിൽ ജോലി സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയതെന്നാണ് ആക്ഷേപം. അടൂർ കരുവാറ്റ സ്വദേശി ബിജി ടി.വർഗീസ് എന്ന വീട്ടമ്മയാണ് പരാതി നൽകിയത്. കൊട്ടാരക്കര പുത്തൂർ മാറനാട് മാർ ബസോമ ഓർത്തഡോക്സ് പള്ളി വികാരി ഫാദർ ബിജോയ് സി.പിക്കെതിരെ അടൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിരിക്കുകയാണ്.
പിഎസ്‌സിയിൽ ജോലി ചെയ്യുന്ന വൈദികൻ്റെ ഭാര്യ ജസ്മിൻ മാത്യൂവിൻ്റെ സ്വാധീനത്തിൽ പരാതിക്കാരിയുടെ എംടെക് ബിരുദധാരിയായ മകൾക്ക് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ പണം കൈപ്പറ്റിയത്. 2021ൽ മൂന്ന് തവണയായി 11 ലക്ഷം രൂപയാണ് വാങ്ങിയത്. രണ്ടുവർഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോൾ പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വികാരി പല ഒഴികഴിവുകൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയി. ഒടുവിൽ 2023 ജൂലൈയിൽ പ്രതി 11 ലക്ഷം രൂപയുടെ ചെക്ക് പരാതിക്കാരിക്ക് നല്കി. എന്നാൽ അക്കൗണ്ടിൽ പണമില്ലാതെ ഇത് മടങ്ങുകയായിരുന്നു.
വൈദികനും ഭാര്യയും ചേർന്ന് നടത്തിയ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടർന്ന് എഴുകോൺ പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പിന്നീട് തുടർനടപടി ഉണ്ടായില്ല. ഇതിനെ തുടർന്ന് അടൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അഡ്വ. വിജയകുമാർ മുഖാന്തിരം കേസ് ഫയൽ ചെയ്യുകയായിരുന്നു. സമൻസ് പലവട്ടം നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം 22ന് കോടതി വാറൻ്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ വിശ്വാസ വഞ്ചനയെക്കുറിച്ച് ഓർത്തഡോക്സ് സഭാ തലവനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് പരാതി നല്കിയിട്ടും വൈദികനെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് ബിജി ടി.വർഗീസ് പറഞ്ഞു. ഓർത്തഡോക്സ് സഭയിലെ അറിയപ്പെടുന്ന ധ്യാനഗുരുവും കൺവൻഷൻ പ്രാസംഗികനുമാണ് പ്രതിസ്ഥാനത്തുള്ള ഫാദർ ബിജോയ് സി.പി.