കൊച്ചി: സിനിമയിൽ അഭിനയിക്കുന്നതിന് യുവതാരങ്ങളടക്കം പ്രതിഫലം കുത്തനെ ഉയർത്തിയതോടെ നിർമ്മാതാക്കൾ കടുത്ത പ്രതിസന്ധിയിൽ. പ്രമുഖ താരങ്ങൾക്കും യുവതാരങ്ങൾക്കും പുറമെ സാങ്കേതിക വിദഗ്‌ധരും പ്രതിഫലം ഉയർത്തിയിരിക്കുകയാണ്. ഇതേ തുടർന്ന് പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് താര സംഘടനയായ ‘അമ്മ’യ്ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കത്തു നൽകി.(Unaffordable remuneration demanded by young actors; Producers sent a letter to ‘Amma’)
പ്രതിഫലം താങ്ങാകാതെ ചില നിർമ്മാതാക്കൾ സിനിമകൾ പോലും ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ്. നാല് കോടിക്ക് മുകളിലാണ് പ്രമുഖ താരങ്ങളടക്കം പ്രതിഫലം വാങ്ങുന്നത്. ഒരു മലയാള സിനിമയ്ക്ക് യുവതാരം ആവശ്യപ്പെട്ടത് അഞ്ച് കോടി രൂപയാണ്. ഇതോടെ സിനിമയുടെ മുഴുവൻ പ്രതിഫലം 15 കോടിയിലധികമാകും.
വലിയ തുകയ്ക്ക് സിനിമ വാങ്ങുന്നത് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിർത്തിയതോടെ തിയേറ്ററിൽ നിന്നുമാത്രം ലഭിക്കുന്ന തുക ലാഭമുണ്ടാക്കുന്ന കാര്യത്തിലും സംശയമാണ്. കൗമാര താരം പോലും ആവശ്യപ്പെടുന്നത് ഒന്നരക്കോടി രൂപയാണെന്നും ഛായാഗ്രാഹകരിൽ ചിലർ ദിവസവേതനത്തിനാണ് വരാൻ തയാറാകുന്നതെന്നും നിർമ്മാതാക്കൾ പറയുന്നു.
ചില ശ്രദ്ധേയരായ സംഗീത സംവിധായകർ പ്രതിഫലത്തിന് പകരം സിനിമയിലെ ഗാനങ്ങളുടെ പകർപ്പവകാശമാണ് വാങ്ങുന്നത്. തുടർന്ന് ഇവർ വമ്പൻ തുകയ്ക്ക് മ്യൂസിക് കമ്പനികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തിയേറ്ററിൽ നിന്ന ലഭിക്കുന്ന വരുമാനം മാത്രം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് നിർമ്മാതാക്കൾ. ‘അമ്മ’യുടെ പുതിയ ഭാരവാഹികളുടെ ആദ്യ യോഗത്തിൽ പ്രശ്നം ചർച്ചയാകുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ.
Read Also: കുട്ടികളുടെ നന്മ ലക്ഷ്യമിട്ട് കൊണ്ട് അധ്യാപകർ ശിക്ഷ നൽകുന്നത് ക്രിമിനൽക്കുറ്റമല്ല; ഹൈക്കോടതി