അനധികൃതമായി രാജ്യത്ത് തങ്ങാനും അഭയം തേടാനും സാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകൾ യു.കെ.യിൽ പുതിയ സർക്കാർ നടപടികൾ പ്രകാരം നിയന്ത്രിക്കാൻ നീക്കം.
ഹോം ഓഫീസ് പദ്ധതികൾ പ്രകാരം , പാകിസ്ഥാൻ, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ജോലി ചെയ്യാനും പഠിക്കാനും യുകെയിലേക്ക് വരുന്നത് ഇനി നിയന്ത്രിക്കും.
നിയമപരമായി ജോലി അല്ലെങ്കിൽ പഠന വിസകളിൽ യുകെയിൽ വന്ന് അഭയം തേടുന്നവരിൽ വലിയ വിഭാഗം വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നു.
‘നമ്മുടെ തകർന്ന ഇമിഗ്രേഷൻ സംവിധാനത്തിൽ ക്രമം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതി തയാറായിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തു വരുന്നത്.
2020 മുതൽ എക്‌സിറ്റ് ചെക്കുകളുടെ സ്ഥിതിവിവരക്കണക്കുകൾ ഹോം ഓഫീസ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ, ഏതൊക്കെ രാജ്യക്കാരാണ് വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരാൻ സാധ്യതയുള്ളതെന്ന് വ്യക്തമല്ല.
പുറപ്പെടൽ രേഖകളില്ലാതെ പലരും രാജ്യം വിട്ടിരിക്കാം എന്നതിനാൽ കിട്ടുന്ന കണക്കുകളും വ്യക്തമാകണമെന്നില്ല. എന്നാൽ നിയന്ത്രണം വന്നാലും വിസ അപേക്ഷകരുടേയും അനധികൃത കുടിയേറ്റക്കാരുടേയും എണ്ണത്തിൽ കുറവുണ്ടാകില്ല.
വിദ്യാർഥികളുടെ രൂപത്തിൽ വന്ന് അഭയാർഥികളാകുന്നവരെ തടയണമെന്ന് സർക്കാരിലെ തന്നെ പ്രമുഖർ വാദിച്ച് തുടങ്ങി.
കഴിഞ്ഞ വർഷം യുകെയിൽ 1.8 ത്തിലധികം ആളുകൾ അഭയം തേടിയതായി ഹോം ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
1979 ൽ രേഖകൾ രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.
ആകെ 10,542 പാകിസ്ഥാൻ പൗരന്മാർ അഭയം തേടി – മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ. ഇതേ കാലയളവിൽ ഏകദേശം 2,862 ശ്രീലങ്കൻ പൗരന്മാരും 2,841 നൈജീരിയൻ പൗരന്മാരും അഭയം തേടി.
കഴിഞ്ഞ വർഷം പ്രധാനമന്ത്രിയായതിനുശേഷം, സർ കെയർ സ്റ്റാർമർ നിയമവിരുദ്ധവും നിയമപരവുമായ കുടിയേറ്റം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.