ആകെ മൊത്തം ടോട്ടൽ യുഡിഎഫ്; കൈകോർത്ത് കേരളം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം നടത്തി യുഡിഎഫ്.
കൈവിട്ട കോർപ്പറേഷനുകൾ തിരിച്ചുപിടിച്ചും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വ്യക്തമായ മേൽക്കൈ നേടി ഗ്രാമപഞ്ചായത്തുകളിൽ അഞ്ഞൂറോളം ഇടങ്ങൾ സ്വന്തമാക്കിയുമാണ് യുഡിഎഫിന്റെ തേരോട്ടം.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുത്ത് എൻഡിഎ കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു കോർപ്പറേഷൻ സ്വന്തമാക്കുകയും ചെയ്തു.
കഴിഞ്ഞ തവണ അഞ്ച് കോർപ്പറേഷനുകൾ ഭരിച്ചിരുന്ന എൽഡിഎഫിന് ഇത്തവണ കോഴിക്കോട് മാത്രമാണ് ഏറ്റവും വലിയ കക്ഷിയാകാനായത്. എന്നാൽ അവിടെയും ഒറ്റയ്ക്ക് ഭരണം ഉറപ്പിക്കാൻ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല.
2020ൽ കണ്ണൂർ മാത്രം നേടിയ യുഡിഎഫ്, ഇത്തവണ കൊച്ചിയും തൃശൂരും വൻ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചു. കൊല്ലം കോർപ്പറേഷനിൽ യുഡിഎഫ് നടത്തിയ അട്ടിമറിയും ശ്രദ്ധേയമായി.
തിരുവനന്തപുരത്തും കോഴിക്കോട്ടും സീറ്റ് എണ്ണം വർധിപ്പിക്കാനും യുഡിഎഫിന് സാധിച്ചു.
മുനിസിപ്പാലിറ്റികളിലാണ് യുഡിഎഫിന്റെ തിളക്കമാർന്ന മുന്നേറ്റം. ആകെ 86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണം യുഡിഎഫ് സ്വന്തമാക്കി. എൽഡിഎഫിന് 28 മുനിസിപ്പാലിറ്റികൾ മാത്രമാണ് ലഭിച്ചത്.
എൻഡിഎയ്ക്ക് രണ്ട് മുനിസിപ്പാലിറ്റികളിൽ ഭൂരിപക്ഷം നേടാനായി. 143 ബ്ലോക്ക് പഞ്ചായത്തുകളിൽ 81 ഇടങ്ങളിൽ യുഡിഎഫ് മുന്നിലെത്തി. 63 എണ്ണം ഇടതു മുന്നണി നേടി.
ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് വ്യക്തമായ മേൽക്കൈ നേടി. 500 ഓളം ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിനാണ് ഭൂരിപക്ഷം. ഇടതു മുന്നണി 342 പഞ്ചായത്തുകളും എൻഡിഎ 25 പഞ്ചായത്തുകളും നേടി. എട്ട് പഞ്ചായത്തുകൾ മറ്റ് ഗ്രൂപ്പുകൾക്ക് ലഭിച്ചു.
വൈഷ്ണ സുരേഷിന്റെ വിജയം ശ്രദ്ധാകേന്ദ്രം
തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് വിജയം നേടി. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയിൽ അഡ്വ. അംശു വാമദേവനെ പരാജയപ്പെടുത്തിയാണ് വൈഷ്ണയുടെ വിജയം.
വോട്ടർ പട്ടിക വിവാദം മൂലം ഹൈക്കോടതി വരെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വൈഷ്ണയ്ക്ക് മത്സരിക്കാൻ അവസരം ലഭിച്ചത്.
മാനസിക സമ്മർദ്ദവും സൈബർ ആക്രമണവും നേരിട്ട ശേഷമുള്ള ഈ വിജയം മുട്ടടയിലെ സാധാരണക്കാരുടെ വിജയമാണെന്ന് വൈഷ്ണ പ്രതികരിച്ചു.
മറ്റ് പ്രധാന ഫലങ്ങൾ
കോഴിക്കോട് മേയർ ബീനാ ഫിലിപ്പിന്റെ വാർഡിൽ എൻഡിഎ സ്ഥാനാർഥി ടി. രനീഷ് അട്ടിമറി വിജയം നേടി.
മുൻ ഡിസിസി പ്രസിഡന്റും മുൻ എംഎൽഎയുമായ എ.വി. ഗോപിനാഥ് 100 വോട്ടുകൾക്ക് പരാജയപ്പെട്ടു. എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച ഗോപിനാഥിന്റെയും അദ്ദേഹത്തിന്റെ സ്വതന്ത്ര ജനാധിപത്യ മുന്നണി (ഐഡിഎഫ്) സ്ഥാനാർഥികളുടെയും പരാജയം ശ്രദ്ധേയമായി.
കിഴക്കമ്പലത്തും കുന്നത്തുനാടും ട്വന്റി ട്വന്റിയെ ജനങ്ങൾ കൈവിട്ടു; ഇരിടത്തും യുഡിഎഫാണ് വിജയിച്ചത്.
ഒളിവിലിരിക്കെ വിജയം
ഫ്രഷ്കട്ട് സമര സമിതി നേതാവും യുഡിഎഫ് സ്ഥാനാർഥിയുമായ ബാബു കുടുക്കിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ വിജയിച്ചു. ഫ്രഷ്കട്ട് സംഘർഷത്തെ തുടർന്ന് ഒളിവിലിരിക്കെയാണ് അദ്ദേഹം മത്സരിച്ചത്.
പെരിന്തൽമണ്ണയിൽ ചരിത്രവിജയം
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പെരിന്തൽമണ്ണ നഗരസഭ യുഡിഎഫ് തിരിച്ചുപിടിച്ചു. 37 വാർഡുകളിൽ 21 ഇടങ്ങളിൽ യുഡിഎഫ് വിജയിച്ചു. 16 ഇടങ്ങളിൽ എൽഡിഎഫും വിജയിച്ചു.
1995ൽ നഗരസഭ രൂപീകരിച്ചതിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം ഭരിച്ച പെരിന്തൽമണ്ണയിൽ ഇത്തവണ ചരിത്രം മാറിയെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
English Summary
The UDF registered a sweeping victory in Kerala’s local body elections by regaining lost corporations, securing a majority in municipalities and block panchayats, and winning around 500 gram panchayats. While the LDF was reduced to being the largest party only in Kozhikode without a clear majority, the NDA made history by winning the Thiruvananthapuram Corporation for the first time. Major highlights include UDF’s comeback in Kochi, Thrissur, Kollam, and Perinthalmanna municipality after three decades, along with several high-profile victories and defeats across the state.
udf-sweeping-victory-kerala-local-body-elections-corporations-municipalities
Kerala local body elections, UDF victory, LDF setback, NDA Thiruvananthapuram, Municipal results, Corporation elections, Gram panchayat results, Kerala politics









