കളിപ്പാട്ടത്തിൽ നിന്നെടുത്ത അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ വിഴുങ്ങി രണ്ടുവയസുകാരൻ
വയനാട്: മേപ്പാടിയിൽ കളിപ്പാട്ടത്തിൽ നിന്നെടുത്ത അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ വിഴുങ്ങിയ രണ്ട് വയസ്സുകാരനെ സമയബന്ധിതമായ ചികിത്സയിലൂടെ രക്ഷപ്പെടുത്തി.
വലിയ ആശങ്ക സൃഷ്ടിച്ച സംഭവത്തിൽ എൻഡോസ്കോപ്പി വഴി ബാറ്ററികൾ വിജയകരമായി പുറത്തെടുത്തതോടെ കുട്ടി അപകടനില തരണം ചെയ്തു.
ബത്തേരി മൂലങ്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് വീട്ടിൽ കളിക്കുന്നതിനിടെ ബാറ്ററികൾ വായിൽ ഇട്ടത്. കളിപ്പാട്ടത്തിൽ ഉണ്ടായിരുന്ന ചെറിയ കോയിൻ ബാറ്ററികളാണ് കുട്ടി വിഴുങ്ങിയത്.
സംഭവം വീട്ടുകാർ ഉടൻ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുട്ടിയെ വൈകാതെ തന്നെ ബത്തേരിയിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ എത്തിച്ചത്.
അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കിയതാണ് ഗുരുതരമായ അപകടം ഒഴിവാക്കാൻ സഹായിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്പെഷലിസ്റ്റ് ഡോ. സൂര്യനാരായണയുടെ നേതൃത്വത്തിലാണ് എൻഡോസ്കോപ്പി നടത്തിയത്. പരിശോധനയിൽ കുട്ടിയുടെ ആമാശയത്തിൽ ബാറ്ററികൾ കുടുങ്ങിയതായി കണ്ടെത്തി.
ഏറെ സൂക്ഷ്മതയോടെ നടത്തിയ എൻഡോസ്കോപ്പിക് പ്രക്രിയയിലൂടെ അഞ്ച് ബാറ്ററികളും സുരക്ഷിതമായി പുറത്തെടുക്കാൻ സാധിച്ചു.
നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രത്യേക ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കോയിൻ ടൈപ്പ് ബാറ്ററികൾ ആമാശയത്തിൽ എത്തിയാൽ അത്യന്തം അപകടകരമാണെന്ന് ഡോ. സൂര്യനാരായണ മുന്നറിയിപ്പ് നൽകി.
ആമാശയത്തിലെ ആസിഡിക് പ്രവർത്തനങ്ങളിലൂടെ ബാറ്ററികൾ പൊട്ടാനോ ചോർന്നുപോകാനോ സാധ്യതയുണ്ടെന്നും, അങ്ങനെ സംഭവിച്ചാൽ കുടൽ, കരൾ തുടങ്ങിയ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചില സാഹചര്യങ്ങളിൽ ഇത് ജീവന് തന്നെ ഭീഷണിയാകാൻ ഇടയാക്കുമെന്നും ഡോക്ടർ വ്യക്തമാക്കി.
ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ കുട്ടികൾക്ക് നൽകുന്ന കളിപ്പാട്ടങ്ങൾ അവരുടെ പ്രായത്തിന് യോജിച്ചതാണോയെന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
ചെറിയ ബാറ്ററികൾ, സ്ക്രൂകൾ തുടങ്ങിയ വസ്തുക്കൾ അടങ്ങിയ കളിപ്പാട്ടങ്ങൾ കുട്ടികൾ ഉപയോഗിക്കുമ്പോൾ മുതിർന്നവരുടെ കർശന നിരീക്ഷണം അനിവാര്യമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ചികിത്സയിൽ ഡോ. അഖിൽ, ഡോ. അഞ്ജന എന്നിവരും നിർണായക പിന്തുണ നൽകി.









