കണ്ണൂർ: സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടച്ചുപൂട്ടുന്നത്.
നഷ്ടത്തിലായതിനെ തുടർന്നാണ് ഈ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. തിങ്കളാഴ്ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്നും റെയിൽവേ വ്യക്തമാക്കി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന സ്റ്റേഷനാണ് ചിറക്കൽ. കോഴിക്കോടുള്ള വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
നിലവിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ഈ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉള്ളത്. അതേസമയം രണ്ട് സ്റ്റേഷനുകളിലെയും ജീവനക്കാരെ റെയിൽവേ മാറ്റി നിയമിക്കും.
അതേസമയം ഹൈദരാബാദില്‍ നിന്ന് കൊല്ലത്തേക്ക് റെയിൽവേ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഈ വിവരം അറിയിച്ചത്. അവധി കാലങ്ങളിലെ യാത്രക്കാരുടെ തിരക്കും ആവശ്യവും പരിഗണിച്ചാണ് തീരുമാനം.
ശനിയാഴ്ച ഹൈദരാബാദില്‍ നിന്ന് രാത്രി 11.10ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ തിങ്കളാഴ്ച രാവിലെ 7.10ന് കൊല്ലത്ത് എത്തും. തിങ്കളാഴ്ച രാവിലെ 10.45 ന് കൊല്ലത്തുനിന്നും ഹൈദരാബാദിലേക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം വൈകുന്നേരം 5:30ന് ഹൈദരാബാദിൽ തിരികെ എത്തിച്ചേരും.
ഇരുവശത്തോട്ടുമായി ആറു വീതം സർവീസുകളാണ് ഉണ്ടാവുക. 24 കോച്ചുകൾ ഉള്ള ട്രെയിനിൽ രണ്ടു വീതം എസി 2 ടയർ 3 ടയർ കോച്ചുകളും 18 സ്ലീപ്പർ കോച്ചുകളും ഉണ്ട്. ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.