മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് അജ്മാനിലെത്തിച്ച രണ്ട് മലയാളി വനിതകള്‍ തിരികെ നാട്ടിലെത്താന്‍ സഹായം തേ
ടുന്നു. ഏജന്റ് മുഖേനയാണ് ഇവര്‍ വിദേശത്തെത്തിയത്.
പാലാ, പെരുമ്പാവൂര്‍ സ്വദേശികളായ ഇവരെ അജ്മാനിലെത്തിയ ശേഷം ജോലിയൊ ശമ്പളമോ നല്‍കാതെ ഒരു മാസത്തോളം മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മാന്‍പവര്‍ സപ്ലൈ കമ്പനി നടത്തുന്ന സുജ,സന്തോഷ് എന്നിവര്‍ ഇരുവരെയും തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
ഇവരില്‍ നിന്നും രക്ഷപ്പെട്ട് പുറത്ത് വന്ന സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ടോ മറ്റ് സര്‍ട്ടിഫിക്കറ്റുകളോ എടുത്ത് കൊണ്ട് വരാന്‍ കഴിഞ്ഞില്ല. അതിനാല്‍ത്തന്നെ നാട്ടിലെത്താന്‍ കഴിയാതെ മണലാരണ്യത്തില്‍ അകപ്പെട്ട് കിടക്കുകയാണ് ഇവര്‍.
ഒരു താലക്കാലിക അഭയകേന്ദ്രം കണ്ടെത്തിയ ഇവരെ പൊതുമാപ്പിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലൈല അബൂബക്കര്‍ എന്ന സാമൂഹിക പ്രവര്‍ത്തക.
ഇവരെക്കൂടാതെ പുറത്ത് കടക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്ന മറ്റ് 8 മലയാളി വനിതകള്‍ കൂടി സുജയുടെയും സന്തോഷിന്റെയും തടവിലുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
കുടുംബ പ്രാരാബ്ദം മൂലം ജോലിക്കായി വിദേശത്തേക്ക് വന്നവരാണ് ഭൂരിഭാഗവും. നോര്‍ക്കയും ഇന്ത്യന്‍ കോണ്‍സുലേറ്റും സംഭവത്തില്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
തൃശൂരിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന 25കാരി കുടുംബത്തിന്റെ കടം തീർക്കാനാണ് വിദേശജോലിക്കു ശ്രമിച്ചത്. കുവൈത്തിൽ ജോലി ചെയ്യുന്ന തുഷാര എന്ന നഴ്സ് എറണാകുളത്തുള്ള ഏജന്റ് ജോയിയെ പരിചയപ്പെടുത്തി.
തുഷാര 15,000 രൂപ ഈടാക്കിയിരുന്നു. ഹോം നഴ്സാണ് ജോലിയെന്നും സൗജന്യ താമസത്തിനും ഭക്ഷണത്തിനും പുറമേ 2500 ദിർഹം ശമ്പളം ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.
അജ്മാനിലെ താമസസ്ഥലത്ത് എത്തിയപ്പോൾ 1800 ദിർഹമേ നൽകൂവെന്നായി. കുടുംബ പ്രാരാബ്ധം മൂലം അതു സമ്മതിച്ചു. സ്വദേശിയുടെ വീട്ടിൽ പ്രായമായ സ്ത്രീയെ നോക്കുകയായിരുന്നു ജോലി.
രണ്ടര മാസമായപ്പോഴേക്കും അവർ മരിച്ചതോടെ ജോലി തീർന്ന് കമ്പനി താമസ സ്ഥലത്തു തിരിച്ചെത്തി. മറ്റൊരു ജോലി തരപ്പെടുത്തി തന്നില്ലെങ്കിൽ നാട്ടിലേക്കി തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ടു. ഇതോടെ മോശമായി ചിത്രീകരിച്ച് അപമാനിക്കുകയായിരുന്നുവെന്ന് ബിഎസ്‌സി ബിരുദധാരി പറഞ്ഞു.
അവിവാഹിതയായ യുവതി ഇതിനെ ചോദ്യം ചെയ്തതോടെ കള്ളക്കേസിൽ കരിമ്പട്ടികയിൽ പെടുത്തി ജയിലിലാക്കുമെന്നായിരുന്നു ഭീഷണി. തിരിച്ചയയ്ക്കണമെങ്കിൽ രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതി പറയുന്നു.
ഭർത്താവും 2 മക്കളുടെ അമ്മയുമായ പെരുമ്പാവൂർ സ്വദേശിനിക്ക് ക്ലീനിങ് ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്. ആൻസി എന്ന യുവതിയാണ് ഇവർക്ക് ഏജന്റ് ജോയിയെ പരിചയപ്പെടുത്തിയത്. താമസം, ഭക്ഷണം, വൈഫൈ എന്നിവയ്ക്കു പുറമേ 1200 ദിർഹം ശമ്പളമായിരുന്നു 29കാരിക്കു വാഗ്ദാനം ചെയ്തത്.
സന്ദർശക വീസയിൽ ഇവിടെ എത്തിച്ച് ഒരു മാസത്തിലേറെയായിട്ടും ജോലി നൽകിയില്ല. എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുറച്ചകലെയുള്ള ഇവരുടെ ഓഫിസിൽ കൊണ്ടു ചെന്ന് ഇരുത്തും. ജോലിക്കാരെ ആവശ്യപ്പെട്ട് വരുന്നവരെ കാണിക്കുമെങ്കിലും തൊഴിൽ കിട്ടിയില്ല.
പിന്നീട് റൂമിലെത്തിച്ച് പൂട്ടിയിടും. 3 നേരവും കുറേശെ ഭക്ഷണം തരും. ബാഗും ഫോണുമെല്ലാം പരിശോധിക്കും. നിറയെ ക്യാമറ ഘടിപ്പിച്ച റൂമിൽ സ്വകാര്യത സംരക്ഷിക്കാനാവില്ലെന്നും കുളിമുറിയിലേക്കു വരെ ക്യാമറ തിരിച്ചുവച്ച് സദാസമയം സന്തോഷ് ക്യാമറയിൽ നോക്കിയിരിക്കുമെന്നും ആരോപിച്ചു.
ഇത്യോപ്യക്കാരുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി എന്നാണ് ഇവരോട് പറഞ്ഞിരിക്കുന്നത്. ഈ മുറിയിൽ പ്രതികരണ ശേഷി നഷ്ടപ്പെട്ട 8 മലയാളി വനിതകൾ കൂടിയുണ്ടെന്നും ഇവർ പറയുന്നു. ഇവർ പലയിടങ്ങളിലും പോയി ജോലി ചെയ്തുവരുന്നുണ്ടെങ്കിലും ശമ്പളം ഏജന്റാണ് കൈപ്പറ്റുന്നതെന്നും അറിയുന്നു. നേരത്തെ ഇവിടെനിന്ന് രക്ഷപ്പെട്ട മറ്റൊരു യുവതിയുടെ വിവരങ്ങൾ അറിഞ്ഞതോടെയാണ് ചാടിരക്ഷപ്പെടാൻ ഇവർക്കു ധൈര്യമായത്. നോർക്കയും ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ട് പാസ്പോർട്ടും സർട്ടിഫിക്കറ്റും രേഖകളും വീണ്ടെടുത്ത് നാട്ടിലേക്കു അയയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.”