പാലക്കാട്: ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ കുടുങ്ങി. ഇവരെ അഗ്നിരക്ഷാ സേനയും പോലീസുമെത്തി രക്ഷപ്പെടുത്തി. പുഴയിലേക്ക് ഏണിയിറക്കി നൽകിയാണ് കുട്ടികളെ കരയ്‌ക്കെത്തിച്ചത്.(Children Rescued from Chittoor River After Getting Trapped)
കഴിഞ്ഞദിവസം അപകടം നടന്ന നറണി തടയണയ്ക്ക് സമീപമാണ് കുട്ടികൾ കുടുങ്ങിയത്. മൂന്നു കുട്ടികൾ പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു. വെള്ളം ഉയർന്നതോടെ ഇവരിൽ ഒരാൾ നീന്തി തിരികെ കരയിലേക്ക് കയറി. തുടർന്ന് ഈ കുട്ടി വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.
കുട്ടികൾ നിൽക്കുന്ന ഭാഗത്ത് പുഴയ്ക്ക് ആഴം കുറവാണെങ്കിലും ശക്തമായ നീരൊഴുക്കാണ് ഉള്ളത്. ആളിയാർ മേഖലയിൽ മഴ ശക്തമായതോടെ മൂലത്തറ റഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നിരുന്നു. ഇതോടെയാണ് പുഴയിലെ നീരൊഴുക്ക് ശക്തമായത്.