കൊച്ചി: ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് എന്ന പേരിൽ വ്യാജ മദ്യ വിൽപന നടത്തിയ രണ്ടുപേരെ പിടികൂടി എക്സൈസ്. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കൊല്ലംകുടി മുകൾ സ്വദേശി കിരൺകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 20 ലിറ്റർ ചാരായം ഇവരുടെ വീട്ടിൽ നിന്നും പിടികൂടി. 950 ലിറ്റർ വാഷും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.(Two arrested in Ernakulam for illicit liquor sale)
കൊച്ചി കാക്കനാടിന് സമീപം തേവക്കലിൽ രണ്ടു നില വീട് വാടകയ്ക്ക് എടുത്തായിരുന്നു വ്യാജ മദ്യ വിൽപന നടത്തിയിരുന്നത്. എക്‌സൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചാരായ വില്‍പന പിടികൂടിയത്. സ്‌പെഷ്യല്‍ കുലുക്കി സര്‍ബത്ത് എന്ന പേരില്‍ കുപ്പിയിലാക്കി പല സ്ഥലത്തായി എത്തിച്ച് നൽകുന്നതാണ് രീതി.
വാട്സ്ആപ്പ് മുഖേനയാണ് പണം വാങ്ങിയ ശേഷം ആവശ്യക്കാർക്ക് വിവിധ സ്ഥലങ്ങളായി എത്തിച്ച് മദ്യ വിൽപന നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയോടെയാണ് എക്സൈസ് പരിശോധന നടത്തിയത്.