കൊല്ലം: കൊല്ലത്ത് നാടിനെ നടുക്കി വീണ്ടും കൊലപാതകം. രണ്ടര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), രണ്ടര വയസുള്ള ആൺ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം.
ആൺകുഞ്ഞിന്റെ മൃതദേഹം കട്ടിലിലും, മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പിതാവ് അജീഷ് നേരത്തെ ഗൾഫിലായിരുന്നു.
എല്ലാവരുമായി വളരെ സ്നേഹത്തിൽ കഴിഞ്ഞിരുന്ന സാധാരണ കുടുംബമായിരുന്നു ഇവരുടേതെന്നും, ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും അതൊന്നും തന്നെ ജീവനൊടുക്കുന്നതിലേക്ക് എത്തിക്കുന്ന തരത്തിലുള്ളതല്ലെന്നും നാട്ടുകാർ പറഞ്ഞു.
സംഭവ സമയം അജീഷിൻറെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നു. നേരം വെളുത്തിട്ടും അജീഷും, ഭാര്യയും എഴുന്നേൽക്കാത്തതോടെ നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കുറച്ച് നാളുകൾക്ക് മുമ്പ് അജീഷിന് അർബുദം സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടായിരുന്നതായും, ഇതേ തുടർന്നുള്ള മാനസിക സമ്മർദ്ധമാകാം ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തും. വിശദമായ അന്വേഷങ്ങൾക്കു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.