വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി ബന്ദിയാക്കിയെന്ന് ട്രംപ്
വാഷിംഗ്ടൺ: വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
മഡുറോ ദമ്പതികളെ വിമാനമാർഗം വെനിസ്വേലയിൽ നിന്ന് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി.
ലോക രാഷ്ട്രീയ രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഈ സൈനിക നീക്കത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്നാണ് സൂചന.
ഓപ്പറേഷന്റെ വിശദാംശങ്ങൾ വിശദീകരിക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ പ്രത്യേക വാർത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
അമേരിക്ക സ്വീകരിച്ച ഈ കടുത്ത നടപടിക്ക് പിന്നിലെ കാരണങ്ങളും തുടർന്നുള്ള നയങ്ങളും വാർത്താ സമ്മേളനത്തിൽ വ്യക്തമാകുമെന്നാണ് വിലയിരുത്തൽ.
വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി ബന്ദിയാക്കിയെന്ന് ട്രംപ്
വെനിസ്വേലയിൽ ദീർഘകാലമായി തുടരുന്ന രാഷ്ട്രീയ അസ്ഥിരതയും യുഎസുമായുള്ള സംഘർഷവും ഇതോടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.
ശനിയാഴ്ച പുലർച്ചെ വെനിസ്വേലയുടെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് വ്യോമാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായാണ് വിവരം.
കാരക്കാസ്, മിറാൻഡ, ആരഗുവ, ലി ഗുയ്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആക്രമണം നടന്നതെന്ന് വെനിസ്വേലൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശിക സമയം പുലർച്ചെ ഏകദേശം 1.50 ഓടെയാണ് പൊട്ടിത്തെറി ശബ്ദങ്ങൾ കേട്ടുതുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
ആക്രമണത്തെ തുടർന്ന് കാരക്കാസിലെ വിവിധ മേഖലകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.
വ്യോമാക്രമണങ്ങൾക്ക് പിന്നാലെ വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജ്യമാകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോർട്ടുണ്ട്.
സൈനികവും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് വെനിസ്വേലയുടെ ആരോപണം.
എന്നാൽ മഡുറോയെ പിടികൂടിയെന്ന ട്രംപിന്റെ അവകാശവാദത്തിൽ യുഎസ് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഈ സംഭവവികാസങ്ങൾ ലാറ്റിൻ അമേരിക്കൻ മേഖലയിൽ മാത്രമല്ല, ആഗോള രാഷ്ട്രീയത്തിലും വലിയ പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.









