ഇന്ത്യ-പാക് വെടിനിർത്തലിന് മുൻകൈ എടുത്ത് സംസാരിച്ചത് താനാണെന്ന അവകാശവാദത്തിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറുന്നു. താനാണ് അത് ചെയ്തത് എന്ന് അവകാശപ്പെടുന്നില്ല എന്നാണു ട്രംപ് പറഞ്ഞത്.
എന്നാൽ, ഇന്ത്യാ- പാക് പ്രശ്ന പരിഹാരത്തിന് താൻ തീർച്ചയായും സഹായിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, വെടിനിർത്തലിന് പിന്നിൽ തന്റെ പങ്കുമുണ്ടെന്ന് ട്രംപ് ആവർത്തിച്ചു.
‘ഞാൻ അത് ചെയ്തുവെന്ന് പറയുന്നില്ല, പക്ഷെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ തീർച്ചയായും സഹായിച്ചു. പ്രശ്നങ്ങൾ കൂടുതൽ ശത്രുതാപരമായി കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ അത് പരിഹരിച്ചു. ഇവിടെനിന്നു പോയി രണ്ട് ദിവസത്തിന് ശേഷം ഇത് പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് കാണാൻ ഇടയാകരുതെന്ന് പ്രത്യാശിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്ന് കരുതുന്നു.’ ട്രംപ് പറഞ്ഞു.
രാജ്യങ്ങൾക്കിടയിൽ വികസിച്ചുകൊണ്ടിരുന്ന യുദ്ധസമാനമായ സാഹചര്യം നിർത്താനുള്ള നടപടിയായി ഇന്ത്യയോടും പാകിസ്ഥാനോടും വ്യാപാരത്തെക്കുറിച്ച് സംസാരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. ഖത്തറിൽ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ട്രംപ് തന്റെ മധ്യസ്ഥവാദം മയപ്പെടുത്തിയത്.