കൊച്ചി: വീട്ടിൽ യുവതിയും മകനും മാത്രമുള്ള സമയത്ത് അതിക്രമിച്ചുകയറി ആക്രമണം നടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ.Trespassing and assault when the woman and her son were alone; Three youths arrested in Angamaly
മഞ്ഞപ്ര ചന്ദ്രപ്പുര തോട്ടുങ്ങ അലൻ ലിൻസൺ (24), ചിറമേൽ സോജൻ ഷാജു (20), തുറവുർ കൂരൻ ഡോൺ ബേസിൽ വർഗീസ് (19) എന്നിവരാണ് കാലടി പോലീസിന്റെ പിടിയിലായത്.
24ന് വൈകീട്ട് 6 മണിയോടെ ആനപ്പാറയിലാണ് സംഭവം. യുവതിയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബൈക്കിലെത്തിയ സംഘം കത്തി വീശി ഭർത്താവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഈ സമയം ഭയന്ന യുവതി കുട്ടിയേയും കൊണ്ട് മുറിയിൽ ഒളിച്ചു. തുടർന്ന് അക്രമിസംഘം വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ചു. മുറ്റത്ത് കിടന്ന കാർ തകർത്തു.
അശ്ലീലത്തോടെ ആക്രോശിക്കുകയും ചെയ്തു. സോജനും അലനും മയക്കുമരുന്ന് ഉൾപ്പടെയുള്ള കേസുകളിൽ പ്രതിയാണ്.
ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ഒ.എ. ഉണ്ണി, പി.എ. തോമസ്, കെ.കെ. ബിജു, എ.എസ്.ഐ പി.വി. ജോർജ്, സീനിയർ സിപിഒമാരായം ഷിജോ പോൾ, എൻ.കെ. നിഖിൽ, എം.എൻ. ഷാജി, ഷിബു അയ്യപ്പൻ കെ.എസ്. സുമേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.