തിരുവനന്തപുരം: തൃശൂർ നാട്ടിക അപകടത്തിൻറെ പശ്ചാത്തലത്തിൽ ദേശീയപാതകളിൽ രാത്രികാല പരിശോധ കർശനമാക്കുമെന്ന് ഗതാഗത വകുപ്പ്മന്ത്രി കെബി ഗണേഷ് കുമാർ. നാട്ടികയിൽ അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉടൻ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡ്രോൺ കാമറകൾ ഉപയോഗിച്ച് റോഡുകളിൽ നിരീക്ഷണം നടത്താനും ആലോചിക്കുന്നുണ്ട്. ഇവിടെ അല്ലാതെ ഒരിടത്തും വണ്ടി തടഞ്ഞുനിർത്തി ആർസി ബുക്ക് പരിശോധിക്കുന്ന നടപടിയില്ല. അത്തരം പരിശോധന കൊണ്ട് ഒരുകാര്യവുമില്ല, ഓട്ടത്തിലാണ് നിയമലംഘനം നടക്കുന്നത്. ഇത്തരത്തിലുള്ളവ വീഡിയോയിൽ ഷൂട്ട് ചെയ്ത് ജിയോ ടാഗ് ചെയ്ത് അവിടെ നിന്ന് ലൊക്കേഷൻ കണ്ടെത്തി ഫൈൻ ഇടാനാണ് മോട്ടോർ വാഹനവകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങളെല്ലാം മാറ്റിയപ്പോൾ പരിശോധനയ്ക്ക് വേണ്ടെത്ര വാഹനങ്ങൾ ഇല്ലാത്ത സാഹചര്യമുണ്ട്. പുതുതായി 20 ഓളം വണ്ടികൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് 25 വണ്ടിവാങ്ങാനാണ് അനുമതി ലഭിച്ചിട്ടുള്ളത്. എന്നാൽ അത് ഇതുവരെ വാങ്ങാൻ പറ്റിയിട്ടില്ല. ഇക്കാര്യം ധനകാര്യവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ വണ്ടി എന്തിനാണെന്നാണ് ധനവകുപ്പ് ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ട്രാൻസ്‌പോർട്ട് കമ്മീഷണർമാർ രാത്രികാല പരിശോധനയ്ക്ക് നേതൃത്വം നൽകും. പൊലീസുമായി ചേർന്നാണ് ഇത്തരം പരിശോധന നടത്തുകയെന്നും ഗണേഷ്കുമാർ പറഞ്ഞു. രാത്രിയിൽ അമിതവേഗത്തിൽ വലുതുവശം കയറിയാണ് പലപ്പോഴും വാഹനങ്ങൾ സഞ്ചരിക്കുന്നത്. പലപ്പോഴും തമിഴ്‌നാട്ടിൽ നിന്നുള്ള വണ്ടികളാണ് ഇങ്ങനെ യാത്ര ചെയ്യുന്നതെങ്കിലും ഇവിടെയുള്ള വണ്ടികളും മോശമല്ല. ടേണിങിൽ ഓവർടേക്കിങ് ഉണ്ടാകാറുണ്ട്. അത് പിടിക്കാനായി മോട്ടോർ വാഹനവകുപ്പ് സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.