ട്രെയിനിൽ ഫുഡ് കണ്ടെയിനറുകൾ കാറ്ററിംഗ് ജീവനക്കാരൻ വീണ്ടും ഉപയോഗിക്കാനായി കഴുകുന്നു; ദൃശ്യങ്ങൾ പുറത്ത്
ഈറോഡ്–ജോഗ്ബനി അമൃത് ഭാരത് എക്സ്പ്രസിൽ നിന്നെടുത്ത ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇന്ത്യൻ റെയിൽവേയിലെ ശുചിത്വ മാനദണ്ഡങ്ങൾക്കു നേരെ കടുത്ത വിമർശനം ഉയർന്നു.
വൈറൽ ദൃശ്യങ്ങളിൽ, ഭക്ഷണം വിതരണം കഴിഞ്ഞ ഡിസ്‌പോസബിൾ പ്ലാസ്റ്റിക് പാത്രങ്ങൾ യാത്രക്കാരുടെ കംപാർട്ട്മെന്റിനുള്ളിലെ വാഷ്‌ബേസിനിൽ വെച്ച് ശുചീകരിക്കുന്നതായി കാണപ്പെടുകയായിരുന്നു.
പാത്രങ്ങൾ വീണ്ടും ഉപയോഗിക്കാനാണെന്നാരോപിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു.
എന്നാൽ, സംഭവത്തിൽ ഐആർസിടിസി വിശദീകരണം നൽകി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്തിയെന്നും, ഉപയോഗിച്ച പാത്രങ്ങൾ വീണ്ടും യാത്രക്കാർക്ക് നൽകാനല്ല, ശേഖരിച്ച് ഉപേക്ഷിക്കാനാണ് വൃത്തിയാക്കിയത് മാത്രമെന്നും റിപ്പോർട്ട് വ്യക്തമായി.
കാസറോൾ പാത്രങ്ങൾ ഒരേ പ്രാവശ്യം മാത്രം
കാസറോൾ പാത്രങ്ങൾ ഒരു പ്രാവശ്യം മാത്രമാണ് ഉപയോഗിക്കാറുള്ളതെന്നും, അതിനെ വീണ്ടും സർവീസ് ചെയ്യില്ലെന്നും ഐആർസിടിസി വ്യക്തമാക്കിയിട്ടുണ്ട്.
എക്സ്പ്രസ് ഫുഡ് സർവീസസിന്റെ ഔദ്യോഗിക പ്രസ്താവനയും പുറത്തുവന്നു.
ചെറിയ തുകക്ക് ആക്രിയായി വിൽക്കാനായി, പാൻട്രി സ്റ്റാഫുമായി ബന്ധമില്ലാത്ത ഒരു വെണ്ടർ ഉപയോഗശേഷമുള്ള ഭക്ഷണപ്പൊതികളും ഒഴിഞ്ഞ കുപ്പികളും ശേഖരിച്ചു വൃത്തിയാക്കിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാനേജ്‌മെന്റിന്റെ അനുമതിയോ അറിവോ കൂടാതെയായിരുന്നു ഈ പ്രവൃത്തി.
വീഡിയോയിൽ കാണുന്ന വ്യക്തി റെയിൽവേ കാന്റീൻ ജീവനക്കാരനാണെന്ന് കരുതപ്പെട്ടെങ്കിലും, അവൻ പാൻട്രി മാനേജർമാരുമായി നേരിട്ട് ബന്ധപ്പെട്ടയാളല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഉപേക്ഷിച്ച ഭക്ഷണ പാത്രങ്ങൾ സാധാരണയായി വിവിധ സ്റ്റേഷനുകളിൽ എത്തുന്ന ഗാർബേജ് വെണ്ടർമാർക്ക് കൈമാറുന്ന രീതിയാണ്
പ്രചാരത്തിലുള്ളതെന്നും, ഇതിന്റെ ഭാഗമായി സാധനങ്ങൾ ശേഖരിച്ചതായും വെണ്ടർ മൊഴിനൽകി.
ഭക്ഷണ സുരക്ഷ ഉറപ്പുനൽകി
ഐആർസിടിസി വ്യക്തമാക്കുന്നത്, ട്രെയിനുകളിൽ വിതരണം ചെയ്യുന്ന എല്ലാ ഭക്ഷണവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അംഗീകൃത ബേസ് കിച്ചണുകളിൽ നിന്നാണ് ഒരുക്കുന്നത് എന്നതാണ്.
ഉപയോഗിച്ചതോ വിറ്റൊഴിഞ്ഞതോ ആയ ഭക്ഷണം ഔദ്യോഗികമായി വീണ്ടും സർവീസ് ചെയ്തിട്ടില്ലെന്നും അവര്‍ ഉറപ്പ് നല്‍കി.
ട്രെയിനിൽ ഫുഡ് കണ്ടെയിനറുകൾ കാറ്ററിംഗ് ജീവനക്കാരൻ വീണ്ടും ഉപയോഗിക്കാനായി കഴുകുന്നു; ദൃശ്യങ്ങൾ പുറത്ത്
തെറ്റിദ്ധാരണ തടയാൻ മുന്നറിയിപ്പ്
സംഭവവുമായി ബന്ധപ്പെട്ട തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്നും, ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും അധികൃതർ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ തെറ്റിദ്ധാരണക്ക് ഇടയാക്കിയെങ്കിലും, യാത്രക്കാരുടെ ആരോഗ്യമോ സുരക്ഷയോ അപകടത്തിലായിട്ടില്ലെന്ന് ഐആർസിടിസിയും എക്സ്പ്രസ് ഫുഡ് സർവീസസും ഉറപ്പുനൽകി.









