മുംബൈ: രാജ്യത്ത് ട്രെയിൻ ആംബുലൻസുകൾ എത്തുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എയറോമെഡ് കമ്പനിയാണ് ട്രെയിൻ ആംബുലൻസ് സേവനം ഒരുക്കുന്നത്.Train ambulances arrive in the country
ഒരുസംസ്ഥാനത്തുനിന്ന് മറ്റൊരുസംസ്ഥാനത്തേക്കോ പ്രദേശത്തേക്കോ രോഗികളെ മാറ്റാൻ ചെലവുകുറഞ്ഞ ട്രെയിൻ ആംബുലൻസ് സേവനത്തിന് സാധിക്കും. റോഡുമാർഗം കൊണ്ടുപോകാൻ പ്രയാസമുള്ളതും എന്നാൽ വിമാനത്തിന്റെ ചെലവ് താങ്ങാൻകഴിയാത്തവർക്കുമാണ് ട്രെയിൻ ആംബുലൻസ് സേവനം നൽകുന്നത്.
റോഡുമാർഗം കൊണ്ടുപോകാൻ പ്രയാസമുള്ളതും എന്നാൽ വിമാനത്തിന്റെ ചെലവ് താങ്ങാൻകഴിയാത്തവർക്കും ഇത് വലിയ സഹായമാകും.
റെയിൽവേയിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതിനാൽ മുൻകൂട്ടി തീരുമാനിച്ചേ ഈ യാത്ര സാധിക്കൂവെന്ന് ട്രെയിൻ ആംബുലൻസ് സേവനം നൽകുന്ന എയറോമെഡ് കമ്പനിയുടെ സി.ഇ.ഒ. കണ്ണൂർ സ്വദേശിയായ ഷാജു കുമാർ പറയുന്നു.
‘വിമാനത്തിലുള്ള എയർ ആംബുലൻസും ട്രെയിൻ ആംബുലൻസ് സൗകര്യവും കമ്പനി നൽകുന്നുണ്ട്. ഇതിൽ ഐ.സി.യു., മിനി ഐ.സി.യു. എന്നീ രണ്ടുതരം സേവനങ്ങളുമുണ്ട്. മിനി ഐ.സി.യു.വിന് ഡോക്ടറുടെ ആവശ്യമില്ല.
അതിനാൽ ചെലവ് അല്പം കുറയും. രോഗിയോടൊപ്പം ഒരു മെഡിക്കൽ അറ്റൻഡർ, രണ്ടുബന്ധുക്കൾ, വേണമെങ്കിൽ ഡോക്ടർ എന്നിവർക്കും യാത്രചെയ്യാം. അതിനാണ് നാലുടിക്കറ്റുകളെടുക്കുന്നത്.
ആശുപത്രിയിൽനിന്നോ വീട്ടിൽനിന്നോ റോഡുമാർഗം രോഗിയെ റെയിൽവേ സ്റ്റേഷനിലെത്തിച്ച് ആംബുലൻസ് ട്രെയിനിൽ കയറ്റും. എത്തേണ്ട റെയിൽവേ സ്റ്റേഷനിൽനിന്ന് വീണ്ടും റോഡുമാർഗം ആശുപത്രിയിലോ വീട്ടിലോ എത്തിക്കുകയാണ് ചെയ്യുക.
മുംബൈയിൽനിന്നോ ഡൽഹിയിൽനിന്നോ ഒരു രോഗിയെ കേരളത്തിലെത്തിക്കുമ്പോൾ ഏകദേശം ഒന്നുമുതൽ ഒന്നരലക്ഷം രൂപവരെ ചെലവുവരും. വിമാനമാർഗമാണെങ്കിൽ ഇത് ഏകദേശം എട്ടുമുതൽ പത്തുലക്ഷം വരെയാകും. ചാർട്ടേഡ് വിമാനമാണ് ഇതിനായി കൂടുതലും ഉപയോഗിക്കുക.
മറ്റ് സ്വകാര്യ വിമാനക്കമ്പനികളുടെ സേവനവും ഉപയോഗപ്പെടുത്താറുണ്ട്’ -ഷാജു കുമാർ പറഞ്ഞു. ട്രെയിൻ ആംബുലൻസിന് സെക്കൻഡ് എ.സി., ഫസ്റ്റ് എ.സി. കോച്ചുകളിലാണ് ടിക്കറ്റ് ബുക്ക് ചെയ്യാറുള്ളത്. തത്കാൽ വഴിയോ വി.ഐ.പി. ക്വാട്ട വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യും. ഇത് ലഭ്യമാകുന്നതിനനുസരിച്ചാവും യാത്ര.