ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടിയപ്പോള്‍ ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം. തോപ്പുംപടി മുണ്ടംവേലി കൈതവേലിക്കകത്തു വീട്ടില്‍ ലോറന്‍സിന്റെ ഭാര്യ മേരി സനിതയാണ് ബസുകളുടെ മത്സരയോട്ടത്തിന്റെ ഇരയായത്.
ഫോര്‍ട്ടുകൊച്ചി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആലുവ–ഇടക്കൊച്ചി റൂട്ടിലോടുന്ന സ്വകാര്യബസുകളാണ് അപകടമുണ്ടാക്കിയത്.
ബ്രോഡ്‌വേയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു ദമ്പതികള്‍. ഭർത്താവ് ലോറന്‍സ് ഓടിച്ച ഇരുചക്രവാഹനത്തിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മേരി സനിത.
അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്തുകയറിയ സ്വകാര്യബസ് പെട്ടെന്ന് ഇടതുവശത്തേക്ക് ഒതുക്കി ബസ്‌സ്റ്റോപ്പില്‍ നിര്‍ത്തി. വഴിയടഞ്ഞതോടെ മുന്നോട്ട് പോകാനായി ബൈക്ക് തിരിച്ചു.
ഈ സമയം പിന്നില്‍നിന്ന് അമിതവേഗത്തില്‍ വന്ന മറ്റൊരു ബസ് ബൈക്കിൽ വന്നിടിക്കുകയായിരുന്നു. ഇരുചക്രവാഹനം മറിഞ്ഞു ലോറന്‍സ് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ അടിയിലേക്കു വീണപ്പോൾ സനിത ഇടിച്ച ബസിനടിയിലേക്കാണ് വീണത്.
യാത്രക്കാരും വ്യാപാരികളും ചേര്‍ന്ന് ബസിനടിയില്‍നിന്നും പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. യുവതിയെ കുറേദൂരം വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നത്.