കോഴിക്കോട്: താമരശേരി ചുരത്തിൽ നാളെയും നിയന്ത്രണം തുടരുമെന്ന് പൊലീസ് അറിയിച്ചു. ബലിപെരുന്നാൾ അവധിക്ക് പിന്നാലെയെത്തുന്ന ഞായറാഴ്ചയായതിനാൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാനിടയുള്ള സാഹചര്യത്തിലാണ് നടപടി.
ചുരത്തിൽ ഇന്നും പൊലീസ് നിയന്ത്രണം ഉണ്ടായിരുന്നു. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും, ആളുകൾ കൂട്ടം കൂടുന്നതിനും നാളെയും നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ചുരത്തിലെ വ്യൂ പോയിൻറുകളിൽ ഒരു കാരണവശാലും പാർക്കിംഗ് അനുവദിക്കില്ല. കൂട്ടം കൂടാനും പാടില്ല. നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം തുടരും എന്നാണ് അറിയിപ്പ്.
പെരുന്നാൾ ആഘോഷവും, അവധി ദിനവും പ്രമാണിച്ച് വിനോദ സഞ്ചാരികൾ കൂട്ടത്തോടെ താമരശേരി ചുരത്തിൽ എത്താറുണ്ട്. ഇവരുടെ വാഹനങ്ങൾ റോഡരികിൽ നിർത്തുന്നതും, കൂട്ടം കൂടുന്നതും ചുരത്തിൽ ഗതാഗത തടസ്സത്തിന് മുൻപ് ഇടയാക്കിയ സാഹചര്യങ്ങൾ ഉണ്ടായിരുന്നു.
അത്യാസന്ന നിലയിലുള്ള രോഗികളുമായി വയനാട്ടിൽ നിന്ന് ചുരമിറങ്ങി കോഴിക്കോടേക്ക് വരുന്ന ആംബുലൻസുകൾക്ക് അടക്കം ഇത്തരത്തിൽ ഗതാഗത തടസമുണ്ടായാൽ ബുദ്ധിമുട്ടുണ്ടാകും. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും ജനങ്ങൾ സഹകരിക്കണമെന്നും താമരശേരി പൊലീസ് വ്യക്തമാക്കി.