കൊടി സുനി മദ്യപിച്ചത് വിക്ടോറിയ ബാറിനു മുന്നിൽ വച്ച്; ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: കോടതിയിൽ ഹാജരാക്കി തിരിച്ചു കൊണ്ടുപോകും വഴി പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൊടി സുനി ഉൾപ്പെടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പരസ്യമായി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.
തലശേരിയിലെ വിക്ടോറിയ ബാറിനു മുന്നിൽ വച്ചാണ് സുഹൃത്തുക്കൾ എത്തിച്ചു നൽകിയ മദ്യം ഇവർ കഴിക്കുന്നത്.
ബാറിനു മുന്നിൽ നിറുത്തിയിട്ട കാറിൽ നിന്ന് സുഹൃത്തുക്കളാണ് ഇവർക്ക് മദ്യം ഒഴിച്ച് നൽകിയതെന്ന് ദൃശ്യങ്ങളിലുണ്ട്. കൊടി സുനിയെ കൂടാതെ, മുഹമ്മദ് ഷാഫി, ഷിനോജ് എന്നവരാണ് മദ്യപിച്ചത്. അതേസമയം പുറത്തുവന്ന ദൃശ്യങ്ങളിൽ പൊലീസുകാരില്ല.
മാഹി ഇരട്ടക്കൊല കേസിലെ പ്രതികൾകൂടിയായ ഇവരെ ഈ കേസിൽ ജൂലായ് 17ന് വിചാരണയ്ക്കായി കോടതിയിൽ എത്തിച്ചശേഷം തിരിച്ചു കൊണ്ടുപോകുന്നതിനിടെ ത്തയിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിക്കാനെന്ന പേരിലാണ് പ്രതികളെ ഇവിടെ എത്തിച്ചത്. സംഭവം പുറത്തായതോടെ പ്രതികളെ കൊണ്ടുപോയ എ.ആർ. ക്യാമ്പിലെ പൊലീസുകാരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.
അതേ സമയം സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ, കീപാഡുള്ള പഴയ മൊബൈൽ ഫോൺ ആണ് കണ്ടെത്തിയത്. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ഇതിനുമുൻപും കണ്ണൂർ ജയിലിൽ നിന്ന് മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കൊടുംഭീകരർ അടക്കമുള്ളവരുടെ സെല്ലുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സെൻട്രൽ ജയിലിൽ തടവുകാർക്ക് എല്ലാ സൗകര്യവും ലഭിക്കുമെന്ന് കഴിഞ്ഞദിവസം ജയിൽ ചാടിയ കുറ്റവാളി ഗോവിന്ദച്ചാമി പൊലീസിന് മൊഴി നൽകിയിരുന്നു.
ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികൾക്ക് മദ്യം നൽകി; 3 പോലീസുകാർക്ക് സസ്പെൻഷൻ
കണ്ണൂർ: ടിപി വധക്കേസ് പ്രതികളായ കൊടി സുനി, ഷാഫി തുടങ്ങിയവർക്ക് മദ്യം വാങ്ങി നൽകിയ പോലീസുകാർക്ക് സസ്പെൻഷൻ. പ്രതികളെ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മദ്യം വാങ്ങി നൽകിയത്. സംഭവത്തിൽ പ്രതികൾക്ക് എസ്കോർട്ട് പോയ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ മൂന്ന് പൊലീസുകാരെ ആണ് സസ്‌പെൻഡ് ചെയ്തത്.
തലശ്ശേരി കോടതിയിലേക്ക് പോകുന്ന വഴിയ്ക്കാണ് ഇവർ പ്രതിക്ക് മദ്യം കൈമാറിയതെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കായി മറ്റൊരാശ കൊണ്ട് വന്ന മദ്യം പൊലീസുകാർ വാങ്ങുകയും സുനിക്കും ഷാഫിക്കും കൈമാറുകയുമായിരുന്നു.
മാഹി ഇരട്ടകൊലപാതക്കേസിന്റെ വിചാരണ തലശ്ശേരി സെഷൻസ് കോടതിയിൽ നടക്കുന്നതിനിടെ കഴിഞ്ഞമാസമാണ് സംഭവം നടന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ കർശന നടപടിയെടുക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം പരിശോധിച്ച് വകുപ്പ് തല നടപടിയായാണ് സസ്‌പെൻഡ് ചെയ്തത്. ഇതിനും മുമ്പും ടിപി കേസ് പ്രതികൾക്ക് ജയിലിൽ സൗകര്യങ്ങൾ ചെയ്തു നൽകിയതായി കണ്ടെത്തിയിരുന്നു. കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.
കേരളം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരമായ രാഷ്ടീയ കൊലപാതകം; പ്രതികൾ പാർട്ടിക്കാരായി പോയില്ലെ, ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പരോൾ ലഭിച്ചത് ആയിരത്തിലേറെ ദിവസങ്ങൾ…
തിരുവനന്തപുരം: മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ നൽകുന്നതായി റിപ്പോർട്ട്. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള പരോളിന്റെ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വന്നത്. കെ.സി രാമചന്ദ്രനും ട്രൗസർ മനോജും സജിത്തും ആയിരം ദിവസത്തിലധികം പരോൾ നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 6 പേർക്ക് 500ലധികം ദിവസം പരോൾ ലഭിച്ചപ്പോൾ കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസവും പരോൾ ലഭിച്ചു.
കെ.സി രാമചന്ദ്രന് 1081 ദിവസവും, മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവുമായിരുന്നു ഇക്കാലയളവിൽ പരോൾ ലഭിച്ചത്. ടി.കെ രജീഷിന് 940 ദിവസം, മുഹമ്മദ് ഷാഫി 656 ദിവസം, കിർമാണി മനോജ് 851 ദിവസം, എം.സി അനൂപ് 900 ദിവസം, ഷിനോജിന് 925, റഫീഖ് 752 ദിവസം എന്നിങ്ങനെയാണ് മറ്റു പ്രതികളുടെ പരോൾ. ഇങ്ങനെ കേസിലെ പ്രതികൾക്കെല്ലാം സർക്കാർ പരോൾ വാരിക്കോരി നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഡിസംബറിൽ കൊടി സുനിക്ക് 30 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. സുനിയുടെ ‘അമ്മ മനുഷ്യാവകാശ കമ്മീഷനെ ബന്ധപ്പെട്ടതോടെയാണ് പരോൾ ലഭിച്ചത്. എന്നാൽ, ഇത്രയും ദിവസത്തെ പരോൾ പ്രതികൾക്ക് നൽകിയതിന് ടിപി യുടെ ഭാര്യ കെ.കെ രമ അടക്കം പ്രതിഷേധം അറിയിച്ചിരുന്നു. ജയിലിലും പ്രശ്നക്കാരായിരുന്നിട്ടും ഇവർക്ക് സർക്കാർ ഇഷ്ടാനുസരണം പരോൾ നൽകിയിരിക്കുകയാണ്.
ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജയിലിൽ ഇഷ്ടമുള്ള ബ്ലോക്കും ആഹാരവും മൊബൈൽ ഫോണുമെല്ലാം ലഭിക്കുന്നുണ്ടെന്ന് വ്യാപക പരാതി നേരത്തെതന്നെ ഉയർന്നിരുന്നു. ആരോപണങ്ങളെ തുടർന്ന് ഇവരെ ജയിൽ മാറ്റിയിട്ടും എല്ലാ സൗകര്യങ്ങളും അവിടെയും തുടർന്നു. അനൂപ്, മനോജ്, സിജിത്ത്, റഫീഖ്, മനോജൻ, കെ.സി.രാമചന്ദ്രൻ, കുഞ്ഞനന്തൻ, ഷാഫി, ഷിനോജ്, രജീഷ്, സുനിൽകുമാർ (കൊടി സുനി) എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ. സിപിഎം നേതാവ് കുഞ്ഞനന്തൻ പരോളിൽ ചികിൽസയിലിരിക്കേ മരിച്ചിരുന്നു.
2018ലാണ് മുഖ്യപ്രതി കൊടി സുനിക്ക് അവസാനമായി പരോൾ ലഭിച്ചത്. പരോളിനിടെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വയനാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ സുനി പ്രതിയായിരുന്നു. ജയിലിലും ഒട്ടേറെത്തവണ സുനി പ്രശ്നങ്ങളുണ്ടാക്കി. പലതവണ ജയിലുകൾ മാറ്റി.പിന്നീട് 2024ഡിസംബറിൽ 60 ദിവസത്തെ പരോൾ കിട്ടി പുറത്തിറങ്ങുകയായിരുന്നു.
പരോളിനിടയിലാണ് കിർമാണി മനോജിനെ ലഹരിപാർട്ടി നടത്തിയതിനു കൊച്ചിയിൽ നിന്നും പിടികൂടിയത്. പരോളിലിറങ്ങി ക്രിമിനൽ കേസുകളിലും ഗൂഢാലോചനയിലും ഉൾപ്പെട്ട സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും പ്രതികൾക്കെല്ലാം പരമാവധി പരോൾ നൽകുകയായിരുന്നു. കൊടി സുനിക്ക് ഒഴികെ മറ്റുള്ളവർക്കെല്ലാം 2020ൽ അനുവദിച്ച സ്പെഷൽ കൊറോണ അവധി 290 ദിവസം ലഭിച്ചു
English Summary :
Shocking visuals show TP Chandrasekharan murder case accused, including Kodu Suni, openly drinking alcohol with police support while returning from court. Outrage grows as questions arise over police involvement.