റിസോർട്ടിൽ മുറിയെടുക്കാൻ വിസമ്മതിച്ചു; മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം
മൂന്നാറിൽ വീണ്ടും വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം. റിസോർട്ടിൽ മുറിയെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിലാണ് ഒരു കുടുംബത്തിലെ മൂന്നുപേർക്കെതിരെ ആക്രമണമുണ്ടായത്.
സംഭവത്തിൽ എറണാകുളം തൃക്കാക്കര സ്വദേശിയായ ആദിൽ മുഹമ്മദ്, ഭാര്യ ഷിജിമോൾ, മകൻ സുബിൻ എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.
മുറിയന്വേഷിച്ച് കാറിൽ മൂന്നാർ ടൗണിലെത്തിയ ഇവരെ ടൗണിലെ ഒരു ടൂറിസ്റ്റ് ഗൈഡ് മൂന്നാർ നഗർ ഭാഗത്തേക്ക് കൊണ്ടുപോയി.
എന്നാൽ ദൂരെക്കൂടുതൽ കാരണം ഇവർ മുറിയെടുക്കാൻ തയ്യാറായില്ല. ഇതിനുശേഷം മടങ്ങിയ ഇവരെ പിന്തുടർന്നെത്തിയ ഒരു സംഘം യുവാക്കൾ മൂന്നാർ ടൗണിൽ വെച്ച് വാഹനം തടഞ്ഞ് വാക്കുതർക്കം നടത്തി .
ഭയന്നുപോയ സഞ്ചാരികൾ വാഹനവുമായി പഴയമൂന്നാർ ഭാഗത്തേക്ക് പോയി. ഇവരെ പിന്തുടർന്ന സംഘം സിഎസ്ഐ പള്ളിക്ക് സമീപത്തുവെച്ച് വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
സമീപത്തെ തട്ടുകടയിൽ ഉണ്ടായിരുന്ന കസേര ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ മൂന്നുപേരും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ന്യൂമാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനി അടക്കം മുഴുവൻ പ്രതികളെയും വെറുതെ വിട്ട് കോടതി
സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്തു. നേരത്തെ പള്ളിവാസൽ ഭാഗത്ത് വെച്ച് വിനോദസഞ്ചാരികളെ ആക്രമിച്ച പ്രതികളെ പോലീസ് പിടികൂടിയിരുന്നു.
വിനോദസഞ്ചാരികൾക്ക് നേരെ ആക്രമമുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.









