കൊച്ചി: മരുന്നോ ചികിത്സയോ ഇല്ലാതെ മദ്യത്തിൽനിന്നു മാറിനിന്ന് ആനന്ദകരമായ ജീവിതം നയിക്കുന്നവരുടെ കൂട്ടായ്മയായ ആൽക്കഹോളിക്സ് അനോനിമസ് (എഎ) സ്ഥാപിതമായിട്ട് നാളെ (ജൂൺ 10 ) 90 വർഷം തികയുന്നു.
1935 ജൂൺ പത്തിന് യു എസിലെ അക്രോണിൽ രണ്ട് മദ്യാസക്തരാൽ സ്ഥാപിതമായ ആൽക്കഹോളിക്സ് അനോനിമസ് ഇന്ന് 190 രാജ്യങ്ങളിൽ 23 ലക്ഷത്തിലധികം മദ്യാസക്തർക്ക് ആനന്ദജീവിതം നയിക്കുന്നതിന് സൗജന്യ സഹായം ചെയ്യുന്നു.
നവതിയോടനുബന്ധിച്ച്, പാലാരിവട്ടം ഡോൺ ബോസ്കോ കൾച്ചറൽ സെന്ററിൽ പ്രവർത്തിക്കുന്ന തത്ത്വമസി എഎ ഗ്രൂപ്പിൽ നാളെ (10)വൈകുന്നേരം 6:30 ന് ആഘോഷം ആരംഭിക്കും. എഎ പ്രസിദ്ധീകരണങ്ങൾ പരിചയപ്പെടാനുള്ള സൗകര്യവും ഇവിടെ ഉണ്ടാവും.
സൗജന്യ സഹായത്തിന് ഫോൺ: 8943334388
ഇത് അഭിമാന നിമിഷം; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലും വിഴിഞ്ഞത്; സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യം
തിരുവനന്തപുരം: ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും.
രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ്. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമായാണ്.
വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347 ആം കപ്പലാണ് എംഎസ്‍സി ഐറീന. മലയാളിയായ ക്യാപ്റ്റൻ വില്ലി ആന്‍റണിയാണ് എംഎസ്‍സി ഐറീനയുടെ കപ്പിത്താൻ. തൃശ്ശൂർ സ്വദേശിയാണ് വില്ലി.
2023ൽ നിർമ്മിച്ച കപ്പലിൽ ആകെ 35 ജീവനക്കാരുണ്ട്. ക്യാപ്റ്റനെ കൂടാതെ ക്രൂവിൽ മറ്റൊരു മലയാളി കൂടിയുണ്ട്. സിംഗപ്പൂരിൽ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെ എത്തിയ ശേഷമാണ് എം എസ് സി ഐറീന വിഴിഞ്ഞത്ത് എത്തുന്നത്.
400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട് എംഎസ്‍സി ഐറീനയ്ക്ക്. 24,000 മീറ്റർ ഡെക്ക് ഏരിയയുള്ള കപ്പലിൽ 24,346 ടി.ഇ.യു കണ്ടെയ്നറുകൾ വഹിക്കാനാകും.
ഇതേ സീരിസിലുള്ള എംഎസ്‍സി തുർക്കിയും മിഷേൽ കപ്പലിനിയും ഇതിനു മുമ്പ് വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ്.
വിഴിഞ്ഞത്ത് നിന്ന് ഈ കപ്പൽ യൂറോപ്പിലേക്ക് പോകും. ഇതുവരെ 335 കപ്പലുകൾ തുറമുഖത്തെത്തി. ഏഴ് ലക്ഷം കണ്ടെയ്നർ നീക്കം ഇതിനകം പൂർത്തിയാക്കിയ വിഴിഞ്ഞത്ത് ഇനി അടുക്കാൻ ലോകത്ത് ഇതിനപ്പുറം മറ്റൊരു വലിയ കപ്പൽ നിലവിലില്ല.