തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി. നാലു ദിവസമായി തുടരുന്ന കുടിവെള്ള പ്രശ്നത്തിന് ഇനിയും പരിഹാരം കാണാൻ കഴിയാതെ വന്നതോടെയാണ് തിരുവനന്തപുരത്തെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. Tomorrow is a holiday for schools under Thiruvananthapuram Corporation
ഞയറാഴ്ച്ച വൈകിട്ട് നാലു മണിയോടെ നഗരത്തിലെ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ വാക്കും വെറുംവാക്കായി മാറി.
തുടർച്ചയായ നാലം ദിവസവും പൈപ്പിൽ കുടിവെള്ളം എത്താതായതോടെ തലസ്ഥാന നഗരത്തിലെ ജനങ്ങൾ നരകയാതനയിലേക്കാണ് എടുത്തെറിയപ്പെട്ടത്.
നാലു ദിവസമായിട്ടും കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.
സർക്കാരിനെതിരെ ഭരണകക്ഷി എംഎൽഎ തന്നെ വിമർശനവുമായി രംഗത്തെത്തി. കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതു കുറ്റകരമായ അനാസ്ഥയാണെന്നു വി.കെ.പ്രശാന്ത് എംഎൽഎ പറഞ്ഞു.
ഒരു സ്ഥലത്തു പണിനടക്കുന്നതു കാരണം മുഴുവൻ ജലവിതരണവും മുടങ്ങുന്നത് എങ്ങനെയാണ്? കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു.
അറ്റകുറ്റപ്പണിയുടെ അന്തിമഘട്ടത്തിലുണ്ടായ താളപ്പിഴയാണ് പ്രശ്നത്തിനു കാരണമെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. പൈപ്പുകളുടെ അലൈൻമെന്റ് തെറ്റിയതോടെയാണു പമ്പിങ് മുടങ്ങിയെന്നാണു വിശദീകരണം.
പ്രശ്നം ഉടൻ പരിഹരിക്കുമെന്നും പരമാവധി സ്ഥലങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചതോടെയാണു നഗരത്തിൽ കുടിവെള്ളം കിട്ടാതായത്.
വെള്ളം ആവശ്യമുള്ള സ്ഥലങ്ങളിൽ വാർഡ് കൗൺസിലർ മുഖേന അസിസ്റ്റന്റ് എൻജിനീയർമാരെ ബന്ധപ്പെട്ട് ടാങ്കർ വഴി വെള്ളം ആവശ്യപ്പെടാമെന്നു ജല അതോറിറ്റി അറിയിച്ചു. 44 വാർഡുകളിലാണു ജലവിതരണം മുടങ്ങിയത്.
റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എംഎം, 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനു വേണ്ടി 5, 6 തീയതികളിൽ പമ്പിങ് നിർത്തും എന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്.
എന്നാൽ പ്രവൃത്തി നീണ്ടതോടെ ശുദ്ധജലം കിട്ടാതെ ജനം വലഞ്ഞു. പകരം സംവിധാനമൊരുക്കുന്നതിൽ ജല അതോറിറ്റി അലംഭാവം കാട്ടിയതോടെ പ്രതിഷേധം കനത്തു.
ടാങ്കറിൽ വെള്ളമെത്തിക്കാൻ നഗരവാസികൾ മുടക്കുന്നതു വൻതുകയാണ്. 500 ലീറ്ററിന്റെ ടാങ്കറിന് 1500 മുതൽ 2000 രൂപ വരെ നൽകേണ്ടി വന്നു.
ശുദ്ധജല വിതരണത്തിനു കോർപറേഷൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ അനധികൃതമായി വെള്ളം വിൽക്കുന്നവർ രംഗത്തിറങ്ങി.
സ്വന്തം ടാങ്കറുകൾക്ക് പുറമേ 25 ടാങ്കർ ലോറികൾ വാടകയ്ക്ക് എടുത്താണു കോർപറേഷൻ ജലവിതരണം നടത്തിയത്.
ഉദ്യോഗസ്ഥരുടെ അലംഭാവത്തെ മന്ത്രി വി.ശിവൻകുട്ടിയും എംഎൽഎമാരും വിമർശിച്ചു. സമയപരിധിക്കുള്ളിൽ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം സംവിധാനം ഒരുക്കാതിരുന്നത് എന്തെന്നു ശിവൻകുട്ടി അവലോകന യോഗത്തിൽ ചോദിച്ചു.
സാങ്കേതിക കാര്യങ്ങൾ അറിയേണ്ടെന്നും ജനങ്ങൾക്ക് ശുദ്ധജലം വിതരണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർ ജോലി മതിയാക്കി പോകണമെന്നും പറഞ്ഞ് ആന്റണി രാജു എംഎൽഎ ഉദ്യോഗസ്ഥരോട് കയർത്തു.
രണ്ട് പൈപ്പുകളുടെ അലൈൻമെന്റ് മാറ്റാൻ ഇത്രയും വാർഡുകളിലെ ജലവിതരണം മുടക്കണോ എന്നും വാൽവ് ക്രമീകരിക്കുന്നതിൽ സാങ്കേതിക പിഴവ് ഉണ്ടായിരിക്കാമെന്നും വി.കെ.പ്രശാന്ത് എംഎൽഎ ആരോപിച്ചു.