അനില സി എസ്
സ്‌നേഹവും സാഹോദര്യവും പകര്‍ന്നു നല്‍കിയ പുണ്യ പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇന്ന്. എ ഡി 571 ല്‍ മക്കയില്‍ ജനിച്ച അദേഹത്തിന്റെ ജന്മദിനം ഇസ്ലാം മത വിശ്വാസികള്‍ നബിദിനമായി ആഘോഷിക്കുന്നു. കേരളത്തില്‍ അടക്കം വിവിധ ഇടങ്ങളില്‍ വിപുലമായ പരിപാടികളോടെയാണ് നബിദിനം കൊണ്ടാടുന്നത്. ഖുറാന്‍ പാരായണം, സ്വലാത്തുകള്‍, ഇസ്ലാമിക കലാ പരിപാടികള്‍ , നബി ചരിത്ര വിവരണം,പ്രകീര്‍ത്തനം , മത പ്രസംഗം , അന്നദാനം, ദാനധര്‍മ്മങ്ങള്‍, ഘോഷയാത്രകള്‍ തുടങ്ങിയ പരിപാടികള്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്നു.
മുഹമ്മദ് നബിയുടെ ജന്മ മാസമായ റബ്ബിഉല്‍ അവ്വലിന്റെ ആരംഭം മുതല്‍ തന്നെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. ഇവയില്‍ പ്രധാനപ്പെട്ടതാണ് മൗലീദുന്നബിയെന്ന പ്രകീര്‍ത്തന കാവ്യ ആലാപനം. പള്ളികളിലോ വീടുകളിലോ പ്രത്യേക സദസ്സുകളിലോ, ഒറ്റക്കോ കൂട്ടമായോ ഇത്തരം കാവ്യ പ്രകീര്‍ത്തന സദസ്സുകള്‍ സംഘടിപ്പിച്ചു മദ്ഹ്(അപദാനം) പറഞ്ഞു അന്ന വിതരണം നടത്തുകയാണ് പതിവ്. കേരളത്തിലെ പാരമ്പര്യ മുസ്ലിം സംഘടനകള്‍ നബിദിനത്തിന് റാലികളും, മദ്രസകളില്‍ കലാസാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ അനേക രാജ്യങ്ങളില്‍ റബീഉല്‍ അവ്വല്‍ 12 പൊതു അവധി നല്‍കി വരുന്നു.
വിവിധ രാജ്യങ്ങളിലെ നബിദിന ആഘോഷങ്ങള്‍
ഒട്ടുമിക്ക എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും, ഇന്ത്യ, യുകെ, തുര്‍ക്കി, നൈജീരിയ, ശ്രീലങ്ക, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, റഷ്യ, കാനഡ തുടങ്ങിയ മുസ്ലിം ജനസംഖ്യയുള്ള മറ്റ് രാജ്യങ്ങളിലും നബിദിനം ആഘോഷിക്കുന്നു. തുര്‍ക്കി മലേഷ്യ , ഈജിപ്ത് ,യമന്‍ എന്നിവിടങ്ങളിലെ ആഘോഷങ്ങള്‍ വളരെ പ്രസിദ്ധമാണ്. പൊതുജനങ്ങള്‍ക്കിടയിലും ഔദ്യോഗികതലത്തിലും ഒരുപോലെ പാകിസ്ഥാനിലെ നബിദിനം. പ്രഭാതസമയത്ത് തലസ്ഥാനനഗരിയായ ഇസ്ലാമാബാദില്‍ മുപ്പത്തിയൊന്ന് പീരങ്കികള്‍ അന്തരീക്ഷത്തിലേക്ക് അവര്‍ ഉയര്‍ത്താറുണ്ട്. സിദ്ധ് പഞ്ചാബ് ,സര്‍ഹദ്, ബലൂചിസ്ഥാന്‍ തുടങ്ങി പാക്കിസ്ഥാനിലെ നാല് പ്രവിശ്യകളിലും വ്യത്യസ്തമായ രീതികളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. മൊറോക്കയിലെ സലാ പട്ടണത്തില്‍ മെഴുകുതിരി കൊണ്ടുള്ള വമ്പന്‍ഘോഷയാത്ര നടത്താറുണ്ട്. അവിടുത്തെ ആഘോഷ പരിപാടികള്‍ ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്നു.
നൈജീരിയില്‍ നബിദിനാഘോഷ പരിപാടികള്‍ ജംഇയ്യത്തു സ്വലാത്തി അലന്നബ്ബിയ്യ് എന്ന സംഘടനയാണ് സംഘടിപ്പിക്കുന്നത്. നൈജീരിയയിലെ ഏറ്റവും വലിയ സാമൂഹിക മതസംഘടന കൂടിയാണിത്. സംഘടനാംഗങ്ങള്‍ ഏകവേഷമണിഞ്ഞ് പ്രത്യേകതരം നൃത്തത്തോടെയും താളത്തോടെയും ”യാ റബ്ബി സ്വല്ലി അലാ” മുഹമ്മദ് എന്ന വാക്യം ആലപിച്ച് റാലി നടത്തും. നബിദിനാഘോഷം രാജ്യത്തിന്റെ ഔദ്യോഗിക ആഘോഷം കൂടിയാണ്. അറേബ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും ഓസ്‌ട്രേലിയയുമൊക്കെ നബിദിനം ആഘോഷമാക്കുന്നു.
ഇന്ത്യയിലെ നബി ദിനാഘോഷം
ഇന്ത്യയില്‍ പണ്ടുകാലം മുതല്‍ക്കേ നബി ദിനം ആഘോഷിച്ചു വരുന്നു. വിവിധ തരത്തിലുള്ള പരിപാടികളാണ് നബി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കാറുള്ളത്. നബി ദിനത്തില്‍ തയ്യാറാക്കുന്ന വിഭവങ്ങളെ മവ്‌ലീദ് എന്നാണ് പറയുക. ഇതില്‍ നബിയുടെ ഇഷ്ട രുചിക്കൂട്ടുകളായ ഈന്തപ്പഴങ്ങളും തേനും ചേര്‍ക്കുകയും ചെയ്യും. കേരളത്തില്‍ വിവിധ മദ്രസകളുടെ ആഭിമുഖ്യത്തില്‍ വിപുലമായ നബി ദിന റാലി, മധുര പലഹാര വിതരണം, വിവിധ മത്സരങ്ങള്‍ തുടങ്ങിയവും നടക്കുന്നു.
മാനവ നന്മയ്ക്കായി നിലകൊണ്ട കാരുണ്യ ദൂതനായ മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് ഓരോ വിശ്വാസികളുടെയും നബി ദിനാഘോഷം കടന്നു പോവുന്നത്. എല്ലാ പ്രിയ വായനക്കാര്‍ക്കും ന്യൂസ് ഫോറിന്റെ നബിദിനാശംസകള്‍.
Also Read:അവരും മക്കളാണ് , മണിപ്പൂർ കത്തിക്കരുത്